ഇടുക്കി: കള്ളൂമൂത്തപ്പോൾ കൂട്ടുകാർക്ക് മുമ്പിൽ ആളാകാൻ പാർക്ക് ചെയ്‌തിരുന്ന ജെസിബി കട്ടെടുത്ത് ഓടിച്ചയാളും കൂട്ടുകാരും പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാറ്റിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ജെസിബിയാണ് കള്ളടി കൂട്ടുകാർ എടുത്തോടിച്ചത്. സംഭവത്തിൽ പശുമല സ്വദേശികളായ അരുൾ (30), സ്റ്റീഫൻ (32), ജിബിൻ (28) എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജെസിബി ഉടമയ്ക്ക് പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മിനി സ്റ്റേഡിയത്തിൽ മദ്യപിക്കാനെത്തിയ സംഘം രണ്ടെണ്ണം അടിച്ച് പൂസായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടത്തിൽ ആരുൾ തനിക്ക് ജെസിബി ഓടിക്കാനറിയാമെന്ന് കൂട്ടുകാരോട് വീമ്പിളക്കി. എന്നാൽ കാണട്ടെയെന്നായി കൂട്ടുകാർ.
Also read: ലൈംഗിക സംതൃപ്തിക്കൊപ്പം വൈകാരിക പിന്തുണ, ചൈനയുടെ എഐ സെക്‌സ് ഡോൾ സൂപ്പർ ഹിറ്റ്.
മിനി സ്റ്റേഡിയത്തിൽ നിർത്തിയിട്ടിരുന്ന ജെസിബിയിൽ സംഘം തപ്പിയതോടെ താക്കോൽ കണ്ടെത്തി. ഇതോടെ അരുൾ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് ജെസിബി സ്റ്റാർട്ടാക്കി. കൂട്ടുകാരും ഒപ്പം കയറി. ജെസിബിയിൽ ഒരു റൗണ്ട് അടിക്കാൻ വാഹനം റോഡിലേക്കിറക്കാൻ ശ്രമിച്ചതോടെ പണി പാളി.
ഈ സമയത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പടുതയിൽ ജെസിബി ഉടക്കുകയും പടുതാ കീറുകയും ചെയ്‌തു. ഇതോടെ വാഹനത്തിലെ ആളുകളും നാട്ടുകാരും ഓടിയെത്തി. ബഹളമായതോടെ പൊലീസിനെയും വിവരം അറിയിച്ചു.
ഇതോടെയാണ് മദ്യലഹരിയിൽ വീമ്പിളക്കാൻ ജെസിബി എടുത്ത് ഓടിച്ചതാണെന്ന് അറിയുന്നത്. മൂവരെയും തൂക്കിയെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിന്നീട് ജെസിബി ഉടമ എത്തി പരാതി ഇല്ലെന്ന് അറിയിച്ചു. ഇതോടെ മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Join Our Whats App group
Post A Comment: