കന്യാകുമാരി: വണ്ണം കുറക്കാൻ മൂന്ന് മാസം പഴച്ചാറ് മാത്രം കുടിച്ച യുവാവ് മരിച്ചു. കന്യാകുമാരി ജില്ലയിലെ കൊളച്ചലിലാണ് സംഭവം നടന്നത്. 17 വയസുകാരനായ ശക്തീശ്വരൻ എന്ന യുവാവാണ് മരിച്ചത്.
യുടൂബ് വീഡിയോ കണ്ടാണ് ശക്തീശ്വരൻ ഫ്രൂഡ് ജ്യൂസ് ഡയറ്റ് തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ഡോക്ടര്‍മാരുടെയോ ഡയറ്റീഷ്യന്‍റെയോ നിര്‍ദേശമില്ലാതെയാണ് ശക്തീശ്വരന്‍ ഡയറ്റ് നോക്കിയിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. മകന്‍ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു.
ശക്തീശ്വരന്‍ മൂന്ന് മാസമായി പഴച്ചാറുകള്‍ മാത്രമാണ് കഴിച്ചിരുന്നത്. ശ്വാസതടസം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും വീട്ടുക്കാര്‍ പറയുന്നു.
പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം, അല്ലെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം അവശ്യ പോഷകങ്ങളുടെ അഭാവവും കാരണം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. പോഷകാഹാരക്കുറവ്, ദഹന പ്രശ്‌നങ്ങള്‍, ദന്ത പ്രശ്‌നങ്ങള്‍, ശരീരഭാരം വർധിപ്പിക്കാനുള്ള സാധ്യത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പഴങ്ങളില്‍ സാധാരണയായി പ്രോട്ടീന്‍ കുറവാണ്. ഇത് പേശികളുടെ വളര്‍ച്ച, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിര്‍ണായകമാണ്. പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ബി 12, ഡി പോലുള്ള വിറ്റാമിനുകളുടെയും കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ധാതുക്കളുടെയും കുറവിന് കാരണമാകും. ഇത് വിളര്‍ച്ച, അസ്ഥികള്‍ ദുര്‍ബലമാകല്‍, രോഗപ്രതിരോധ ശേഷി കുറയല്‍ എന്നിവയ്ക്ക് കാരണമാകും.
ചില ആളുകള്‍ക്ക് തുടക്കത്തില്‍ ശരീരഭാരം കുറയുമെങ്കിലും അമിതമായ പഴങ്ങളുടെ ഉപയോഗം പ്രത്യേകിച്ച് പഞ്ചസാര കൂടുതലുള്ള ചില പഴങ്ങളുടെ ഉപയോഗം, ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. പഴങ്ങളില്‍ നിന്നുള്ള പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും മാനസികാവസ്ഥയിലെ മാറ്റത്തിന് കാരണമാകും.
Join Our Whats App group
Post A Comment: