ഇടുക്കി: ഭാര്യയുടെ ആൺ സുഹൃത്തിനെ കൊല്ലാനെത്തിയ ഭർത്താവ് അമ്മായിച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി കവുന്തിയിലാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. കവുന്തി അമ്പലമെട്ട് പുതുപ്പറമ്പിൽ തോമസ് തോമസ് എന്ന ടോമി (63) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ മകൾ ടിന്‍റുവിന്‍റെ ഭർത്താവ് മാവടി നെടുംപറമ്പില്‍ ജോബിന്‍സ് (38) അറസ്റ്റിലായിട്ടുണ്ട്.
ഇയാളുടെ ആക്രമണത്തിൽ ടിന്‍റുവിനും ഗുരുതര പരുക്കേറ്റു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. ജോബിൻസും ടിന്‍റുവും തമ്മിൽ ഒരു വർഷമായി കുടുംബ പ്രശ്നത്തെ തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവർക്ക് 10, 13 വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ടിന്‍റു ആൺ സുഹൃത്തിനൊപ്പമാണ് കവുന്തിയിലെ കുടുംബ വീട്ടിൽ താമസം ആരംഭിച്ചത്. ജോബിൻസുമായി ബന്ധം വേർപെടുത്തുന്നതിനുള്ള കേസ് കുടുംബ കോടതിയിൽ നടന്നു വരികയാണ്.
ഇതിനിടെ ബാംഗ്ലൂരിലെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയ ജോബിൻസ് ഭാര്യയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി എട്ടിന് കവുന്തിയിലെ ഇവരുടെ വീടിനു സമീപത്തെത്തിയ ജോബിൻസ് ഏലക്കാട്ടിൽ ഒളിച്ചിരുന്നു. ഭാര്യയുടെ ആൺ സുഹൃത്ത് വീട്ടിലെത്തിയതോടെ രാത്രി 11.30 ആയപ്പോൾ വീടിന്‍റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടക്കുകയായിരുന്നു.
ടിന്‍റുവിന് നേരെയായിരുന്നു ആദ്യം ആക്രമണം നടന്നത്. ടിന്‍റുവിന്‍റെ ഇടതുകൈക്ക് വെട്ടി. മകള്‍ക്കുനേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് തോമസിന് വെട്ടേറ്റത്. ഈ സമയം ആണ്‍സഹൃത്തും തോമസിന്‍റെ ഭാര്യ തങ്കമ്മയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ വീടിന് പുറത്തിറങ്ങിയ പ്രതി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന തോമസിന്‍റെ ഓട്ടൊറിക്ഷ വെട്ടിപ്പൊളിച്ചു. വീടിന്‍റെ ജനല്‍ ചില്ലുകളും തകർത്തു.
ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും വാക്കത്തിയുമായി ഭീഷണി മുഴക്കിയ ജോബിൻസ് ആരെയും അടുപ്പിച്ചില്ല. പിന്നീട് വിവരം അറിഞ്ഞെത്തിയ നെടുങ്കണ്ടം പൊലീസാണ് തോമസിനെയും ടിന്‍റുവിനെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും തോമസ് മരിച്ചിരുന്നു. ടിന്‍റുവിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇവർ അപകട നില തരണം ചെയ്‌തിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്നു തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസിന്‍റെ സംസ്കാരം നടത്തി. വ്യാഴാഴ്ച്ച പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആക്രമണത്തിനുപയോഗിച്ച വാക്കത്തി കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: