ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ രാത്രി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി വായിൽ തുണി തിരുകി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ കൊച്ചു മകനും സുഹൃത്തും അറസ്റ്റിൽ. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയില്‍ പാല്‍തങ്കമാണ് ആക്രമിക്കപ്പെട്ടത്.
ഇവരുടെ കൊച്ചുമകൻ കിഷോറും (19), പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് ആക്രമണം നടന്നത്. പാൽതങ്കം വീട്ടിൽ ഒറ്റക്കായിരുന്നു കഴിഞ്ഞിരുന്നത്.
ഇത് മനസിലാക്കിയ കിഷോർ സുഹൃത്തുമായി ചേർന്ന് മോഷണത്തിനു പദ്ധതിയിടുകയായിരുന്നു. രാത്രിയിൽ സുഹൃത്തിനൊപ്പം സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന ശേഷം രണ്ടോടെ വാതിൽ പൊളിച്ച് അകത്തു കയറി.
വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം കഴുത്തില്‍ കിടന്ന മാലയും കമ്മലും തലയണക്കടിയില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു കടക്കുകയായിരുന്നു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകനാണ് പ്രതിയെന്ന് കണ്ടെത്തിയത്.
പ്രതിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മോഷണം പോയ സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്. കിഷോറിനെ അറസ്റ്റ് ചെയ്‌ത പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ ജുവനൈൽ ജസ്റ്റിസിനു മുമ്പിൽ ഹാജരാക്കാൻ മാതാപിതാക്കൾക്കൊപ്പം വിട്ടു. കിഷോറിനെതിരെ ബന്ധുക്കൾ തന്നെ മുമ്പും നിരവധി പൊലീസ് കേസുകൾ നൽകിയിട്ടുണ്ട്.
Join Our Whats App group
Post A Comment: