ഭരണ കക്ഷിയും പ്രതിപക്ഷവും ഒരേ തൂവൽ പക്ഷികളായതോടെ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ വീണ്ടും അനന്തമായി നീളുന്നു. നിർമാണ നിരോധനം, സിഎച്ച്ആർ, വന്യമൃഗങ്ങളുടെ ആക്രമണം, പട്ടയ പ്രശ്നങ്ങൾ തുടങ്ങി ഇടുക്കിയിലെ കർഷകർ അനുദിനം നേരിടുന്നത് നീറുന്ന ഒട്ടേറെ പ്രശ്നങ്ങളാണ്.
എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം രണ്ട് വട്ടം അവസരം ലഭിച്ചിട്ടും ഇടുക്കിയിലെ ഭൂ വിഷയങ്ങൾ വഷളാക്കിയതല്ലാതെ തീർക്കാൻ ശ്രമിച്ചിട്ടില്ല.
അനാവശ്യ ഉത്തരവുകളിലൂടെയും വന വിസ്തൃതി വർധിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെയും ഇടുക്കിക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇടതു സർക്കാർ നാളിതുവരെ ചെയ്‌തു കൊണ്ടിരുന്നത്.
അതേസമയം വിഷയങ്ങളിൽ ഇടപെടേണ്ട കോൺഗ്രസും യുഡിഎഫും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് ഇടുക്കിക്കാർ ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. സർക്കാരിനു മേൽ സമ്മർദം ചെലുത്താൻ പോലും ശേഷിയില്ലാത്ത പ്രതിപക്ഷമായി ഇടുക്കിയിൽ കോൺഗ്രസും യുഡിഎഫും മാറിയിരിക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയും മകനും മരുമകനും അനധികൃത ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടും ആയത് മുതലെടുക്കാൻ ഇടുക്കിയിൽ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല.
ഭൂ നിയമ ഭേദഗതിയെന്ന പേരിൽ വർഷങ്ങളായി ജില്ലയെ കബളിപ്പിക്കുന്ന സർക്കാരിനെതിരെയും പ്രതികരിക്കാൻ ഇടുക്കിയിൽ പ്രതിപക്ഷമില്ലെന്നതാണ് യാഥാർഥ്യം. കട്ടപ്പനയിൽ സിപിഎം നേതാവിന്‍റെ ഭീഷണിയെ തുടർന്ന് വ്യവസായി ജീവനൊടുക്കിയ സംഭവത്തിലും കോൺഗ്രസും യുഡിഎഫും പ്രതികരിക്കാതെ മൗനം പാലിച്ചു.
ഇടുക്കിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഭായി ഭായി ആയതാണ് ഇതിനു കാരണമെന്നാണ് വിമർശനം ഉയരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഭൂ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഇടുക്കിയിലെ രാഷ്ട്രീയ പാർട്ടികൾ ഇതുകഴിയുന്നതോടെ ഇക്കാര്യത്തിൽ നിന്നും വഴിമാറുന്നതാണ് പതിവ്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങാൻ തുടങ്ങിയതോടെ വീണ്ടും ഭൂ വിഷയങ്ങൾ സജീവമാക്കാനുള്ള പുറപ്പാടിലാണ് ഇടതുപക്ഷവും വലതുപക്ഷവും. നാളിതുവരെ ഇക്കാര്യത്തിൽ മൗനം പാലിച്ച ഇരുപക്ഷവും വീണ്ടും ജനങ്ങളെ വിഡ്ഢിയാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുക്കിക്കഴിഞ്ഞതായിട്ടാണ് പുറത്തു വരുന്ന വിവരം.
Join Our Whats App group
Post A Comment: