തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ഇനിയും തീരാതെ ദൂരൂഹത. ബന്ധുക്കളെ കൊലപ്പെടുത്തിയത് സാമ്പത്തികവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്നാണ് പ്രതി അഫാൻ നൽകിയിരിക്കുന്ന മൊഴി.
അതേസമയം പെൺസുഹൃത്ത് ഫർസാനയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ട്യൂഷൻ ക്ലാസിലേക്ക് പോയ ഫർസാനയെ സ്വന്തം വീട്ടിലെത്തിച്ച ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്.
വീടിന്‍റെ രണ്ടാമത്തെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠന കാലയളവിലാണ് ഇരുവരും തമ്മിൽ പ്രണയിക്കാൻ തുടങ്ങിയതെന്നാണ് പുറത്തു വരുന്ന വിവരം. അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന.
വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിൽ എത്തിച്ച ശേഷമാണ് ഫർസാനയെ കൊലപ്പെടുത്തിയിരിക്കുന്നത്. മുനയുള്ള ആയുധം ഉപയോഗിച്ച് തലയിൽ കുത്തിയാണ് കൊലപാതകം നടത്തിയത്. മുഖമാകെ വികൃതമാക്കിയിരുന്നു.
തലയിലെ മുറിവ് ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ട് വശത്തും നടുക്കും ചുറ്റിക കൊണ്ട് ആഴത്തിൽ അടിച്ച പാടുണ്ട്. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറം ലോകം അറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്.
രണ്ട് ദിവസം മുമ്പ് അഫാൻ യുവതിയുമായി ബുള്ളറ്റിൽ യാത്ര ചെയ്യുന്നത് ബന്ധു കണ്ടിരുന്നു. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി.
Join Our Whats App group
Post A Comment: