കൊച്ചി: മാരക ലഹരി മരുന്നുമായി കൊച്ചിയിൽ പിടിയിലായ യുവതിയുടെ ഇടപാടുകൾ ഞെട്ടിക്കുന്നത്. കൊല്ലം സ്വദേശിനി ബ്ലെയ്‌സി (21)യാണ് കഴിഞ്ഞ ദിവസം എക്സൈസിന്‍റെ വലയിലായത്. ഇവരുടെ പക്കൽ നിന്നും 2.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.
പഠിക്കാനായി കൊച്ചിയിലെത്തിയ യുവതി ലഹരി വിൽപ്പനയുടെ പ്രധാന കണ്ണായായി മാറുകയായിരുന്നുവെന്ന് എക്സൈസ് വിശദമാക്കി. ഇവർക്ക് വൻതോതിൽ എം.ഡി.എം.എയടക്കം എത്തിച്ചുനൽകുന്നത് കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുൾപ്പടെ ഏഴുപേരാണ് ലഹരിക്കച്ചവടത്തിന്‍റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
യുവതി വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് 2.5 ഗ്രാമിലധികം എം.ഡി.എം.എ കണ്ടെടുത്തു. ഇവർക്കൊപ്പം താമസിച്ചിരുന്ന മൂന്ന് യുവതികൾക്കും ലഹരിക്കച്ചവടത്തിൽ പങ്കുള്ളതായാണ് സംശയം. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ജോലി നഷ്ടമായപ്പോഴാണ് ലഹരിയിടപാടിലേക്ക് തിരിഞ്ഞതെന്നാണ് വിവരം.
ചൊവ്വാഴ്ച എറണാകുളം നോർത്തിലെ ഫ്ലാറ്റിലെത്തി എക്സൈസ് യുവതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. ഇതുകൂടാതെ രണ്ട് ഫ്ലാറ്റും ഇയാൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടുതൽപ്പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്.
പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീർക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴ് പോയിന്‍റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. ആർഭാടജീവിതമാണ് നയിച്ചിരുന്നത്. കൊച്ചിയിൽ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. 'ജോലി' കഴിഞ്ഞാൽ പിന്നെ രാത്രി വരെ ഉറക്കമാണ് രീതി.
കലൂരിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവിൽ നിന്നാണ് 21കാരിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഇടപാടെല്ലാം ഇൻസ്റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. ഇൻസ്റ്റാ വഴി മെസേജ് ചെയ്ത് ലഹരിക്കച്ചവടമുണ്ടെന്ന് ഉറപ്പുവരുത്തി. പെൺകുട്ടി താമസിക്കുന്ന സ്ഥലമടക്കം കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ സിം ഒഴിവാക്കി ഹോട്ട്സ്പോട്ട് ഉപയോഗിച്ചാണ് ഇവർ നെറ്റ് ഉപയോഗിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാൾ മരിച്ചു
ഇടുക്കി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശരായവരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.
Post A Comment: