ഇടുക്കി: ചിത്രങ്ങൾ വാക്കുകളേക്കാൾ ശക്തമായി സംസാരിക്കാറുണ്ട്. ഇവിടെ ചില ചിത്രങ്ങളാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. വേർതിരിവിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയം ഗ്രൂപ്പിസത്തിന്‍റെയും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുന്ന ചില നിമിഷങ്ങളാണ് ഇവിടെ പകർത്തിയിരിക്കുന്നത്.
നിലപാടുകളുടെ രാജകുമാരനെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അനുയായികൾ വിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ പോരാടിയ കെ.സി വേണുഗോപാലിനെ നിലപാടില്ലാത്തവൻ എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചു കൂവിയ കെ.സി. വേണുഗോപാൽ ഒടുവിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കാണിച്ച നെറികെട്ട നീക്കങ്ങൾ കേരളം കണ്ടതാണ്.
നിലപാടിലെ ഈ മലക്കം പറച്ചിൽ തന്നെയാണ് കെ.സി വേണുഗോപാലിനെതിരെ ജനരോഷം രൂക്ഷമാകാൻ കാരണമായതും. 11 ദിവസം നീണ്ട മുഖ്യമന്ത്രി ചർച്ചകൾക്കൊടുവിൽ ജനഹിതമായി വി.ഡി. സതീശൻ മുഖ്യന്ത്രി സ്ഥാനത്തേക്കെത്തുമ്പോൾ ഇടുക്കിയിൽ നിന്നും ഒരു എം.എൽ.എയും നിലപാടുകൾക്കൊണ്ട് ശ്രദ്ധ നേടുകയാണ്.
തോട്ടം മേഖലയായ പീരുമേട് മണ്ഡലം ഉൾക്കൊള്ളുന്ന പീരുമേട്ടിൽ നിന്നും കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് നിയമസഭയിലെത്തിയ അഡ്വ. സിറിയക് തോമസാണ് ഇവിടെ ശ്രദ്ധ നേടുന്നത്. മുൻ എം.എൽ.എ കെ.കെ. തോമസിന്‍റെ മകനെന്ന പരിവേഷത്തിനപ്പുറം ഇടുക്കിയിലെ നിലപാടുകളുടെ തോഴിനെന്നാണ് സിറിയക്കിനെ ഇപ്പോൾ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
ഇതിനു പിന്നിലെ കാരണം ഇങ്ങനെ, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കെ.സി പക്ഷം ഇടുക്കിയിൽ പിടിമുറുക്കി തുടങ്ങിയിരുന്നു. എ ഗ്രൂപ്പിന് വ്യക്തമായ മേൽക്കൈയുള്ള മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടങ്ങി കെ.സി പക്ഷത്തിനു വേണ്ടി ചരടുവലികൾ തുടങ്ങിയിരുന്നു.
എന്നാൽ മണ്ഡലം വിട്ടുകൊടുക്കാതെ സിറിയക് പക്ഷം നടത്തിയ നീക്കം ഒടുക്കം ഫലം കണ്ടു. സ്ഥാനാർഥിയായി സിറിയക്കിനെ തന്നെ നിശ്ചയിക്കേണ്ടി വന്നു നേതൃത്വത്തിന്. മുമ്പ് രണ്ടു വട്ടം കോൺഗ്രസിലെ തന്നെ കാലുവാരൽ കൊണ്ട് വിജയം പടിവാതിക്കൽ നഷ്ടപ്പെടുത്തിയ സിറിയകിനോട് ഇതോടെ കെ.സി പക്ഷത്തിന് അവമതിപ്പായി.
ജില്ലയിലെ സ്ഥാനാർഥികളുടെ പ്രചരണത്തിനായി കട്ടപ്പനയിലെത്തിയ രാഹുൽ ഗാന്ധിയുടെ മുന്നിലും ഈ വേർതിരിവ് പ്രകടമായി. പ്രധാന വേദിയിൽ ഫോട്ടോ സെക്ഷനായി സ്ഥാനാർഥികൾ അണിനിരന്നപ്പോൾ രാഹുൽ ഗാന്ധിയുടെ സമീപത്ത് നിന്ന സിറിയക് തോമസിനെ കെ.സി വേണുഗോപാൽ മാറ്റി നിർത്തി തന്‍റെ വിശ്വസ്ഥനായ സേനാപതി വേണുവിനെ സമീപത്തേക്ക് പിടിച്ചു നിർത്തുന്നത് വൻ വിമർശനത്തിനു കാരണമായിരുന്നു.
കോൺഗ്രസിലെ കെ.സി പക്ഷത്തിന്‍റെ ചേരിതിരിവ് അന്ന് തന്നെ നവമാധ്യമങ്ങളിൽ വിവാദമാകുകയും ചെയ്‌തു. ജില്ലയിലെ ഇതര മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വാരിക്കോരി നൽകിയപ്പോഴും തുടർന്നു പീരുമേടിനോടുള്ള അവഗണന.
എന്നാൽ ഒടുക്കം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ സിറിയക് വിജയിച്ചു വന്നു. മുഖ്യമന്ത്രി കസേരക്ക് വേണ്ടി കെ.സി വേണുഗോപാൽ കരുക്കൾ നീക്കിയപ്പോഴും കോൺഗ്രസിലെ നൂതന പുഴുക്കുത്തായ ഗ്രൂപ്പിസത്തോട് സിറിയക് തോമസ് മുഖം തിരിച്ചു നിന്നു.
ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍റ് പ്രഖ്യാപിച്ചതിനു പിന്നാലെ വി.ഡി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ഒപ്പം നിർത്തിയവരിൽ മുൻ പന്തിയിലുണ്ടായിരുന്നു സിറിയക് തോമസ്. സ്ഥാനമോഹികൾ പലരും അവസരത്തിനൊത്തു മറുകണ്ടം ചാടിയപ്പോഴും കട്ടക്ക് കൂടെ നിന്ന സിറിയക്ക് ഇടുക്കിയിൽ വി.ഡിയുടെ ശബ്ദമാകുമെന്ന സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്. ജില്ലയിൽ നടപ്പാക്കാനിരിക്കുന്ന വൻ പദ്ധതികളുടെ തുടക്കമാകും ഇതെന്നാണ് കരുതപ്പെടുന്നത്.
Join Our Whats App group



Post A Comment: