ന്യൂഡെൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തന്നെ കേരള മുഖ്യമന്ത്രിയായി നിർദേശിക്കുമെന്ന് സൂചനകൾ. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.
മൂവരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരാണെങ്കിലും വി.ഡിയെ ഒഴിവാക്കിയാൽ ജനരോഷം ഉണ്ടാവാനുള്ള സാധ്യത മുൻ നിർത്തി സമവായത്തിലേക്ക് നീങ്ങുന്നതായിട്ടാണ് വിവരം. ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും അനുനയിപ്പിച്ച് വി.ഡിയെ മുഖ്യമന്ത്രിയായി അവതരിപ്പിക്കാനാണ് നീക്കം.
മുഖ്യമന്ത്രി ചർച്ചകൾക്കായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ്മാക്കൻ എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുമായും ഘടക കക്ഷികളുമായും മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു.
കേരളത്തിൽ നിന്നും മടങ്ങുന്ന സംഘം ഞായറാഴ്ച്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നിലപാടുകൾ കൂടി പരിഗണിച്ചായിരിക്കും പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി പക്ഷം നീക്കം നടത്തിയെങ്കിലും ജനരോഷം എതിരാകാനുള്ള സാധ്യതയാണ് കേന്ദ്രം വിലയിരുത്തുന്നത്. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പിൽ പരാജയം വരെ നേരിടാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചെന്നിത്തലയ്ക്കും കെ.സി വേണുഗോപാലിനും അർഹമായ സ്ഥാനങ്ങൾ നൽകുന്നതിനാണ് തീരുമാനം.
ചെന്നിത്തലയ്ക്ക് മന്ത്രി സഭയിൽ പ്രധാന സ്ഥാനവും കെ.സിക്ക് കേന്ദ്രത്തിൽ മുഖ്യ സ്ഥാനവും നൽകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഘടകക്ഷികൾ അടക്കമുള്ളവർ വി.ഡിക്ക് വേണ്ടി നിലപാടെടുത്തതായിട്ടാണ് പുറത്തു വരുന്ന വിവരം.
Join Our Whats App group

Post A Comment: