ഇടുക്കി: അമ്മ കൊളുന്തു നുള്ളാൻ പോയപ്പോൾ നോക്കാൽ ഏൽപ്പിച്ച വീട്ടിൽ അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 44 കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി. വാഗമൺ പശുപ്പാറ സ്വദേശിയായ രാജേഷിനെയാണ് ഇടുക്കി അതിവേഗ കോടതി 24 വർഷം കഠിന തടവിനും 2.20 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ കൊളുന്തു നുള്ളാൻ പോയതായ സമയത്ത് കുട്ടിയെ പ്രതിയുടെ മകളുടെ അടുത്ത് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയും ഇവർക്കൊപ്പം കൊളുന്ത് നുള്ളാൻ പോയി. ഇതിനിടെ പ്രതിയുടെ മകൾ കിടന്നുറങ്ങുകയും ഈ സമയത്ത് വീട്ടിൽ വന്ന പ്രതി കുട്ടിയോട് മോശമായി പെരുമാറുകയുമായിരുന്നു.
പിന്നീട് കുട്ടി തന്നെ വിവരം മാതാപിതാക്കളോട് പറയുകയായിരന്നു. കുട്ടിയുടെ മൊഴിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പിഴ ഒടുക്കാത്തപക്ഷം 10 മാസം അധിക തടവും അടക്കുന്ന പക്ഷം ആയത് കുട്ടിക്ക് നൽകുവാനും കോടതി വിധിച്ചു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോർട്ടിയോട് കോടതി ശുപാർശ ചെയ്തു.
വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടതിൻ കരയിൽ കോടതിയിൽ ഹാജരായി.
Join Our Whats App group

Post A Comment: