തിരുവനന്തപുരം: നേതൃമാറ്റത്തിനായി സംസ്ഥാന- ദേശീയ തലത്തിൽ മുറവിളികൂട്ടുമ്പോഴും നിലപാട് മാറ്റാതെ പിണറായി വിജയൻ കടിച്ചു തൂങ്ങുന്നതിനു പിന്നിൽ ഉപദേഷ്‌ടാക്കളുടെ നിർദേശം. പാർട്ടി ചരിത്ര പരാജയം നേരിട്ടിരിക്കുന്ന സാഹചര്യത്തിൽ നേതൃമാറ്റത്തിലേക്ക് നീങ്ങുന്നത് വൻ മണ്ടത്തരമാകുമെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ.
2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത സിപിഎം ഇത്തവണ നേരിയ ഭൂരിപക്ഷത്തിൽ തുടർ ഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. മൂന്നാം തുടർ ഭരണമെന്ന കേരള ചരിത്രത്തിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കി വിശ്രമ ജീവിതത്തിലേക്ക് പോകുകയായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം.
തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാലും പിന്നീട് വിശ്വസ്തനെ കസേര എൽപ്പിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും മാറുകയായിരുന്നു ലക്ഷ്യം. ഇതോടെ കേരളത്തിലെ സിപിഎം ചരിത്രത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയ നേതാവെന്ന പരിവേഷവും ലഭിക്കും.
എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചരിത്ര പരാജയമാണ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിടേണ്ടി വന്നത്. ഇത്രവലിയ പരാജയം തെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനഞ്ഞ പിആർ ടീമുകളും ഉപദേഷ്ടാക്കളും നേതൃത്വവും പോലും പ്രതീക്ഷിച്ചിരുന്നില്ല.
വമ്പൻ പരാജയം നേരിട്ട സാഹചര്യത്തിൽ പിണറായി വിജയൻ പിൻവാങ്ങിയാൽ പാർട്ടിയെ എക്കാലത്തെയും ഏറ്റവും വലിയ പടുകുഴിയിൽ തള്ളിയ നേതാവെന്ന പേരായിരിക്കും ചരിത്രം ചാർത്തിക്കൊടുക്കുക. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിച്ചുവെന്ന വിമർശനങ്ങളും ഇതോടെ യാഥാർഥ്യമാകും.
ഇതോടെയാണ് തൽക്കാലം നേതൃ സ്ഥാനത്തിൽ നിന്നും പിൻമാറേണ്ടെന്ന തീരുമാനത്തിലേക്ക് പിണറായി കോർണറുകൾ എത്തിയത്. നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതിനു ശേഷം സ്ഥാനമാറ്റമെന്നതാണ് ഇപ്പോൾ ആലോചനയിൽ.
അതേസമയം പാർട്ടിക്കുള്ളിൽ പിണറായി വിരുദ്ധ ചേരി ശക്തിപ്പെടുന്നതായിട്ടും റിപ്പോർട്ടുകളുണ്ട്. നേതൃത്വത്തെ മാറ്റാതെ പാർട്ടിക്ക് തിരിച്ചുവരവില്ലെന്ന് വിശ്വസിക്കുന്നവരാണ് നിരവധി പേർ. ജില്ലാ കമ്മിറ്റികളിലും ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എതിർശബ്ദങ്ങളെ ഇപ്പോൾ മുഖവിലക്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം.

Post A Comment: