ഇടുക്കി: അറുക്കാൻ കൊണ്ടുവന്നപ്പോൾ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ഗുരുതര പരുക്ക്. തൂക്കുപാലം ചോറ്റുപാറ പതാപ്പറമ്പിൽ ജെയിംസി (46)നാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രിയിലാണ് ജെല്ലിക്കെട്ട് സിനിമയ്ക്ക് സമാനമായി ഒരു പ്രദേശത്തെയാകെ കാള ഭീതിയിലാക്കിയത്. ജെയിംസിന്‍റെ വീടിന് സമീപത്തുള്ള ഫാം ഹൗസിൽ അറുക്കുന്നതിനായി കൊണ്ടുവന്ന കാളയാണ് വിരണ്ടോടിയത്. 250 കിലോ തൂക്കം വരുന്ന കൂറ്റൻ കാള വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഓടുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജെയിംസും സുഹൃത്തും കാളയെ തേടിയിറങ്ങി. കാളയെ പിടികൂടിയില്ലെങ്കിൽ അത് ആരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ജെയിംസും സുഹൃത്തും കാളയെ പിടികൂടാൻ ഇറങ്ങിയത്. ഇതിനിടെ ചോറ്റുപാറക്ക് സമീപം കാളയെ കണ്ടെത്തി. ഇതിനിടെ നാട്ടുകാരും കാളയെ അന്വേഷിച്ചിറങ്ങി.
പ്രദേശത്ത് നിറയെ വീടുകളും പുരയിടങ്ങളുമുണ്ട്. രാത്രി തന്നെ കാളയെ പിടികൂടുകയായിരുന്നു ലക്ഷ്യം. രാവിലെയായാൽ സ്കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഇതിലെയാണ്. കൂടാതെ രാമക്കൽമേടിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന പാതയാണ്. തൂക്കുപാലം മുതൽ ചോറ്റുപാറ വരെയുള്ള ഭാഗത്ത് മൂന്ന് സ്കൂളുകളും അംഗൻവാടികളും വഴിയരികിലുണ്ട്.
കാളയെ കണ്ടെത്തി കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയിംസിന്‍റെ നേരെ ആക്രമണമുണ്ടായത്. തലക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ജയിംസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 27 സ്റ്റിച്ചുകളാണ് ജയിംസിന്‍റെ കയ്യിലും തലയിലുമായുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: