റായ്‌പൂര്‍: മാവോയിസ്റ്റ് ആക്രമണത്തിൽ തീവ്ര പരിശിലനം ലഭിച്ച മലയാളി ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് കൊല്ലപ്പെട്ടത്. റായ്പൂരിനടുത്ത് ഇന്നലെയായിരുന്നു ഏറ്റുമുട്ടൽ. സിആര്‍പിഎഫിലെ തീവ്ര പരിശീലനം ലഭിച്ച കോബ്ര വിഭാഗത്തിൽപെട്ട സൈനികനാണ് മുഹമ്മദ് ഹക്കീം.
ദബ്ബകൊണ്ട ഏരിയയില്‍ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരും സിആര്‍പിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു.
സിആര്‍പിഎഫിന്‍റെ കമ്മാന്‍റെ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം. വെടിയേറ്റ ഉടനെ തന്നെ ഭേജി ഗ്രാമത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
Post A Comment: