ഇടുക്കി: വാക്ക് തർക്കത്തിനിടെ ഇടുക്കിയിൽ അയൽവാസിയെ വെടിവച്ചു വീഴ്‌ത്തി. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ചിയാർ മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാലിനു പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പിലേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളിലെയും ആണുങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂത്ത് അടിയിലേക്ക് നീണ്ടതോടെ അയൽവാസികളിൽ ഒരാൾ വീടിനുള്ളിലുണ്ടായിരുന്ന എയർ ഗൺ എടുത്ത് മറ്റെയാളെ വെടിവക്കുകയായിരുന്നു.
പേടിപ്പിക്കാനായിട്ടാണ് വെടി ഉതിർത്തതെങ്കിലും ബുള്ളറ്റ് എതിരാളിയുടെ കാലിൽ തറച്ചു കയറി. ഇതോടെ വെടിവച്ചയാളും കൊണ്ടയാളും ഒരുപോലെ ഭയന്നു. ബുള്ളറ്റ് കാലിനാണ് തറച്ചു കയറിയത്.
പുറത്തറിഞ്ഞാൽ പണി പാളുമെന്ന് ഭയന്ന് ശത്രുക്കൾ മിത്രങ്ങളായി. ബുള്ളറ്റ് സ്വയം കത്തികൊണ്ട് കുത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളെജിലേക്കും മാറ്റി.
ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തതോടെ യുവാവ് ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. അതേസമയം സംഭവം അറിഞ്ഞ് പൊലീസ് വെടികൊണ്ട യുവാവിന്‍റെ മൊഴിയെടുക്കാൻ എത്തിയെങ്കിലും തന്നെ ആരും വെടിവച്ചില്ലെന്നും അബദ്ധത്തിൽ വെടിപൊട്ടിയപ്പോൾ കൊണ്ടതാണെന്നുമാണ് ഇപ്പോൾ ഇയാളുടെ നിലപാട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
22 ജീവനുകൾ ബലികൊടുത്ത് നിർമിച്ച കൂറ്റൺ ടണൽ.. ഉരുളി കമഴ്ത്തിയ കണക്ക് അഞ്ച് കൂറ്റൻ മലകൾ... അഞ്ചുരുളിയിലെ ഈ കാഴ്ച്ച കാണാൻ മറക്കരുതേ..
വ്യാജ ചാരായവുമായി പിടിയിൽ
ഇടുക്കി: ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും വ്യാജ ചാരായം ഉണ്ടാക്കിയ ആൾ കൈയോടെ പിടിയിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മേരികുളം പുല്ലുമേട് കുന്നുംപുറത്ത് കെ.എൻ ചന്ദ്രൻകുട്ടിയാണ് പിടിയിലായത്. 4.5 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
പുല്ലുമേട്ടിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രൻകുട്ടി പിടിയിലാകുന്നത്. കുപ്പിയിൽ നിറച്ച മൂന്ന് ലിറ്റർ ചാരായവും കന്നാസിൽ സൂക്ഷിച്ച 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
രണ്ട് മാസം മുമ്പ് ഒരു ലിറ്റർ വ്യാജചാരായവുമായി ഇയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വ്യാജ വാറ്റ് തുടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഉപ്പുതറ സി.ഐ ഇ. ബാബു, എഎസ്ഐ സജി അലക്സ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ സലീം, ഷിമാൽ, നിഷാദ്, ലെനിൻ, ഷെമീർ ഉമ്മർ, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post A Comment: