
ഇടുക്കി: തിരുവനന്തപുരത്ത് വൻ കവർച്ച നടത്തിയ സംഘത്തിന് എല്ലാ വിധ സഹായങ്ങളും ചെയ്‌ത് നൽകിയ ഇടുക്കിയിലെ കാമുകി പിടിയിൽ. തൂക്കുപാലം കൂട്ടാർ ചേലമൂട് സ്വദേശിനി രേഖ രാജേഷാണ് കവർച്ചാ സംഘത്തിനൊപ്പം അറസ്റ്റിലായത്.
8.6 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർച്ച നടത്തിയ കൊടും ക്രിമിനലുകൾക്ക് സഹായം ചെയ്‌തതിനാണ് രേഖ പിടിയിലാകുന്നത്. കവർച്ചാ സംഘത്തിലെ പ്രധാനിയുമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവങ്ങൾ മുമ്പാണ് തിരുവനന്തപുരം അരുവിക്കരയിൽ വൻ കവർച്ച നടന്നത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലെത്തിയ സംഘം പണവും സ്വർണവും കവർച്ച ചെയ്ത് നാടു വിടുകയായിരുന്നു.
കുപ്രസിദ്ധ കുറ്റവാളി ജപ്പാന്‍ ജയന്‍റെ സംഘത്തില്‍പ്പെട്ട കൊപ്ര ബിജു, ഇയാളുടെ കാമുകി കൂട്ടാര്‍ ചേലമൂട് സ്വദേശിനി രേഖ രാജേഷ്, ജിമ്മി, സുരേഷ്, സുനീര്‍, അഖില്‍, സുനില്‍ എന്നിവരാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
അരുവിക്കര മോഷണത്തിന് പിന്നാലെ തിരുവനന്തപുരം റൂറല്‍ എസ്.പി. ഡി. ശില്‍പ, നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, നാര്‍കോട്ടിക് ഡിവൈ.എസ്.പി. വി.ടി. രാസിത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. രണ്ട് ദിവസത്തിനകം ജപ്പാന്‍ ജയന്‍ എന്ന പ്രതിയെ പിടികൂടി. തുടര്‍ന്ന് മറ്റ് പ്രതികള്‍ ഇടുക്കിയിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും രക്ഷപെട്ട സംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും എത്തി ആര്‍ഭാട ജീവിതം നയിച്ച ശേഷമാണ് ഇടുക്കിയിലേക്ക് എത്തുന്നത്.
സംഘം ഇടുക്കിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ അന്വേഷണ സംഘം ജില്ലയിലെത്തുകയായിരുന്നു. ഇതിനിടെ തൂക്കുപാലത്തെ ബേക്കറിയില്‍ നിന്നാണ് ബിജുവിനെ പിടികൂടുന്നത്. ബിജുവില്‍ നിന്നും വിവരം ലഭിച്ചതനുസിച്ച് രേഖയെ ഇവരുടെ വീട്ടില്‍ നിന്നും പിടികൂടി.
ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റുപ്രതികള്‍ തൂക്കുപാലത്തു നിന്നും ഒരു ടവേര കാര്‍ വിലക്ക് വാങ്ങി തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി വിവരം ലഭിക്കുന്നത്.
ഇവരെ പിന്തുടര്‍ന്ന അന്വേഷണം സംഘം പിരപ്പന്‍കോട് ഭാഗത്തു വച്ച് മുഴുവന്‍ പ്രതികളെയും പിടികൂടി. മോഷണം നടത്തിയ സ്വര്‍ണത്തിന്‍റെ ഒരു ഭാഗം ഇവര്‍ സുനീറിനെ ഏല്‍പ്പിച്ചിരുന്നു. ഇത് തിരികെ വാങ്ങാനാണ് തിരുവനന്തപുരത്തേക്ക് സംഘം തിരിച്ചത്. തുടര്‍ന്ന് ഏകദേശം 15 പവനോളം സ്വര്‍ണവും പണവും കണ്ടെത്തിയിട്ടുണ്ട്.
ബിജുവിന്‍റെ കാമുകിയായ രേഖയാണ് തൂക്കുപാലത്ത് നിന്നും മോഷണം നടത്തുന്നതിനായി കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയത്. പ്രതികള്‍ക്ക് താമസിക്കാന്‍ തൂക്കുപാലത്ത് വീടും വാടകയ്‌ക്കെടുത്തു നല്‍കിയിരുന്നു. ഇവക്കു വേണ്ടി സ്വര്‍ണം പണയം വെക്കുന്നതും വില്‍പന നടത്തുന്നതും രേഖ ആയിരുന്നു. മറ്റു കേസുകളില്‍ പല തവണ കേരളത്തിന്റെ പല ഭാഗത്തും ബിജുവിനെ പിടി കൂടിയെങ്കിലും രേഖയെ പ്രതി ആക്കിയിരുന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: