ഇടുക്കി: ധീരജ് കൊലപാതകക്കേസിലെ പ്രതികളെ കോടതിയിലും മെഡിക്കലിനുമെത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. പ്രതികളെ ഹാജരാക്കിയ കട്ടപ്പന കോടതി പരിസരത്ത് കാത്തു നിന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞ ദിവസമാണ് ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളെജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് കൊല്ലപ്പെട്ടത്. അതേസമയം പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയെയും കോടതി ഈ മാസം 25 വരെ റിമാൻഡ് ചെയ്‌തു.
പീരുമേട് ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് പീരുമേട് താലൂക്ക് ആശുപത്രിയിൽ മെഡിക്കലിനു കൊണ്ടുപോയപ്പോഴും ആക്രമവുമായി ഇടത് സംഘടനകൾ രംഗത്തെത്തി. മുദ്രാവാക്യം വിളിച്ച് വാഹനം തടയാൻ പാഞ്ഞടുക്കുകയും പ്രതികളെ അസഭ്യം വിളിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ പ്രവർത്തകരെ തടയുകയായിരുന്നു.
അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കൂട്ടം കൂടി നിരവധി പേർ തന്നെ ആക്രമിക്കാൻ വന്നപ്പോൾ ഓടി രക്ഷപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് നിഖിൽ പൈലി കോടതിയിൽ പറഞ്ഞത്. ഓടി രക്ഷപ്പെട്ട താനാണ് അടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതെന്നും, ധീരജിനെയും കൊണ്ട് വാഹനം കടന്നുപോകുന്നത് വരെ കത്തിക്കുത്ത് നടന്നത് അറിഞ്ഞിട്ടേയില്ലെന്നും ജെറിൻ ജോജോ കോടതിയിൽ പറഞ്ഞു.
കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ധീരജിനൊപ്പം കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഭിജിത്തിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നെഞ്ചിലെ മുറിവിൽ പഴുപ്പ് കണ്ടത്തിയതിനെ തുടർന്നാണ് തീരുമാനം. അഭിജിത്തിനും നെഞ്ചിലാണ് കുത്തേറ്റത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.
ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.
Post A Comment: