പമ്പ: ആദിവാസി പെൺകുട്ടിയായ 10-ാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ രണ്ട് പേർ ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. ജയകൃഷ്‌ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയുടെ പിതാവിന് മദ്യം നൽകി മയക്കിയ ശേഷമായിരുന്നു പീഡനം. പമ്പയിലാണ് സംഭവം. ഇതിൽ രാമകണ്ണൻ, കണ്ണൻ ദാസൻ എന്നീ പ്രതികൾ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തു വന്നത്. കോവിഡ് കാലത്ത് സ്‌കൂളുകൾ പ്രവർത്തിക്കാതിരുന്ന ഘട്ടത്തിൽ പെൺകുട്ടി വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം.
വയറു വേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിഷയം ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്‌ണന്‍റെ പേര് മാത്രമാണ് പെൺകുട്ടി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതൽ പ്രതികളുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് കോളനി വാസികളായ രണ്ടു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ഗർഭിണിയായ പെൺകുട്ടിയെ കൊല്ലം ജില്ലയിൽ ഒരു കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: