ഇടുക്കി: തർക്കം തീർക്കാനെത്തിയവർക്കെതിരെ കൈ വിരൽ ചൂണ്ടി ആക്രോശം നടത്തിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വൈദികൻ അടക്കമുള്ളവരെ അസഭ്യം പറയുകയും തല്ലാൻ ഓങ്ങുകയും ചെയ്‌ത സംഭവം ഇന്നലെ വൻ വിവാദമായിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസിലെ ഉന്നതർ അടക്കം ഇടപെട്ടതോടെ ഇയാൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം വൻ വിവാദങ്ങൾക്ക് കാരണക്കാരനായ ഗ്രേഡ് എസ്.ഐ ഇന്ന് കാലത്ത് ഉപ്പുതറ ടൗണിൽ വണ്ടി പിടുത്തം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒറ്റക്ക് ടൗണിലൂടെ തേരാപ്പാര നടന്ന് കാണുന്ന വണ്ടികൾക്കെല്ലാം പെറ്റിയടിക്കുകയാണത്രേ.
മുമ്പും നിരവധി സംഭവങ്ങളിൽ ആരോപണ വിധേയനായ ഇദ്ദേഹത്തെ സ്വഭാവ ദൂഷ്യം കൊണ്ട് പ്രമോഷൻ വരെ തടഞ്ഞു വച്ചിരിക്കുന്നതാണ്. സ്റ്റേഷനിലെത്തന്നവരോടു പോലും മോശം പെരുമാറ്റം നടത്തുന്നതും ആവശ്യമില്ലാത്ത കാര്യങ്ങളിൽ സ്വയം ഇടപെടുന്നതും ഇയാളുടെ ശീലമാണെന്നാണ് വിവരം. പ്രദേശത്തെ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ കണ്ണിലെ കരടാണ് കക്ഷി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഷാരോൺ ഗ്രീഷ്‌മയെ ആദ്യം കണ്ടത് ബസിൽ
തിരുവനന്തപുരം: കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയും ഷാരോണും തമ്മിൽ പ്രണയിച്ചത് ഒരു വർഷത്തോളം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും തമ്മിൽ കാണുന്നതും പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറുന്നതും. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയായ ഗ്രീഷ്‌മയും നെയ്യൂർ ക്രിസ്ത്യൻ കോളെജിലെ വിദ്യാർഥിയായ ഷാരോണും എല്ലാ ദിവസവും ഒരേ ബസിലാണ് യാത്ര ചെയ്‌തിരുന്നത്.
ബസിൽവച്ചു കണ്ടുള്ള പരിചയം ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തിലായതോടെ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയ്ക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഒരുമിച്ച് ചിലവിട്ട ശേഷം മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം ശക്തമായതോടെ ബസ് ഒഴിവാക്കി ഇരുവരും ഷാരോണിന്‍റെ ബൈക്കിലേക്ക് യാത്ര മാറ്റി. ഇരുവരും കെട്ടിപുണർന്ന് ബൈക്കിൽ യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഇതിനിടെ വീട്ടുകാരെ തെറ്റിധരിപ്പിച്ച് ഇരുവരും ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഷാരോണിന്‍റെ ഫോണിൽ ഉണ്ടായിരുന്നു.
അത്തരം ഒരു യാത്രയിൽ ഗ്രീഷ്‌മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊലപാതകത്തിനായി മുൻകൂട്ടി ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നുവെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അതേസമയം പഠനത്തിൽ ഉഴപ്പിയതോടെ ഗ്രീഷ്‌മയുടെ വീട്ടുകാരാണ് ഇവരുടെ ബന്ധം കണ്ടെത്തുന്നത്. ബി.എ റാങ്ക് കാരിയായ ഗ്രീഷ്‌മ എം.എ പഠനത്തിൽ ഉഴപ്പിയതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഷാരോണുമായുള്ള ബന്ധം കണ്ടെത്തിയത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്‌മ വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്‍റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
നിലവിൽ കൊലപാതകത്തിന്‍റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്‍റെ സഹോദരനും പറഞ്ഞു.
Post A Comment: