കോട്ടയം: ഭർതൃവീട്ടിൽ നിന്നും പതിനാലര പവൻ സ്വർണം മോഷ്‌ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് മോഷ്ടാവിനെ പൊലീസ് കുടുക്കിയത്. പുതുപ്പള്ളി തെക്ക്മുറിയിൽ നെടിയത്ത് വീട്ടിൽ ഗോപികയാണ് പിടിയിലായത്.
പനക്കുളത്ത് സ്വദേശി സാബു ഗോപാലന്‍റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. സാബുവിന്‍റെ മകന്‍റെ ഭാര്യയാണ് ഗോപിക. 2014 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാബുവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന പതിനാലര പവൻ സ്വർണമാണ് മോഷണം പോയത്.
വിവരം പൊലീസിനെ അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടിൽ ഉള്ള ആളുതന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസ് ആദ്യം മുതൽ തന്നെ സംശയിച്ചിരുന്നു.
ഇതോടെ കുടുംബാംഗങ്ങൾ അടക്കം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മൂന്നിന് സമാനമായ സംഭവം ആവർത്തിച്ചതോടെയാണ് യുവതി കുടുങ്ങിയത്. ലോക്കറിൽ സൂക്ഷിക്കാൻ നൽകിയിരുന്ന 11 പവൻ സ്വർണം തിരികെ എടുത്തു കൊണ്ടുവരുമ്പോൾ നഷ്ടപ്പെട്ടതായി ഗോപിക പരാതി നൽകുകയായിരുന്നു.
ഇതോടെ ഗോപികയെ ചോദ്യം ചെയ്‌തതോടെ പഴയ മോഷണം അടക്കം യുവതി സമ്മതിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് മോഷ്ടിച്ച സ്വർണം ബന്ധുവിന്‍റെ സഹായത്തോടെ വിറ്റതായി യുവതി മൊഴി നൽകി.
Join Our Whats App group
Post A Comment: