കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്.
മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു.
മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു.
പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്.
അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു.
അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്.
ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. അടുത്തിടെ സംഘം സമീപത്ത് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.
Join Our Whats App group

Post A Comment: