മുംബൈ: തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു മധുബാല. മലയാളത്തിൽ അടക്കം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മധുബാല വെളിപ്പെടുത്തിയ ആദ്യകാല സിനിമാ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കരിയറിന്‍റെ തുടക്കകാലത്ത് ഇഷ്ടമില്ലാതെ ഒരു ചുംബന രംഗത്ത് അഭിനയിക്കേണ്ടി വന്നതിനെ കുറിച്ചാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മധുബാല വെളിപ്പെടുത്തിയത്.
"ഇന്‍റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തുടക്കകാലത്ത് പല സിനിമകളും താന്‍ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്.' അതേസമയം സിനിമയുടെ പേരോ കൂടെ അഭിനയിച്ച താരത്തിന്‍റെ പേരോ അവർ പറഞ്ഞില്ല.
ഇന്നത്തെ സിനിമകളില്‍ കാണുന്നത് പോലൊരു ചുംബനമായിരുന്നില്ല അത്. പക്ഷെ അതെനിക്ക് വല്ലാത്ത മോശം അനുഭവമായിരുന്നു. ചുംബിക്കേണ്ടി വരുമെന്നത് ഷൂട്ടിങ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞിരുന്നില്ല. അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ആ രംഗം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദമാക്കി തന്നു. അതുകൊണ്ടാണ് ഞാനത് ചെയ്തത്. പക്ഷെ എനിക്ക് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അതെന്നും മധുബാല പറഞ്ഞു.
എന്നാല്‍ ആ ചുംബന രംഗം സിനിമയ്ക്ക് യാതൊരു തരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ല. ആ രംഗം ഒഴിവാക്കണമെന്ന് താന്‍ സംവിധായകനോട് പറയാന്‍ പോയില്ല. വിട്ടു കളഞ്ഞുവെന്നാണ് താരം പറയുന്നത്. അന്ന് താന്‍ തീരെ ചെറുപ്പമായിരുന്നു. ഇന്നത്തെ 22-24 വയസുള്ള കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവരാണന്നും താന്‍ പക്ഷെ അങ്ങനെയായിരുന്നില്ലെന്നും മധുബാല പറയുന്നുണ്ട്.
കണ്ണപ്പയാണ് മധുബാലയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. വിഷ്ണു മഞ്ജുവാണ് ചിത്രത്തിലെ നായകന്‍.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്കും മടങ്ങിയെത്തുകയാണ്. ഇന്ദ്രന്‍സിനൊപ്പം ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്ക് മടങ്ങി വരുന്നത്.
Join Our Whats App group

Post A Comment: