തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ നാടെങ്ങും തിരക്കിട്ട വികസന പ്രവർത്തനങ്ങളുടെ മേളമാണ്. ഈ മാസം 30നോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന സൂചനകൾ പുറത്തു വന്നതോടെ ഇതിനു മുമ്പ് നാട്ടുകാരെ കാണിക്കാനുള്ള വികസനങ്ങൾ നടത്തുന്ന തിരക്കിലാണ് മെമ്പർമാരും രാഷ്ട്രീയ നേതാക്കളും.
കഴിഞ്ഞ അഞ്ച് വർഷമായി ഇടിഞ്ഞു പൊളിഞ്ഞ റോഡുകൾ നന്നാക്കുക, കലുങ്ക് നിർമിക്കുക, വൈദ്യുതി വിളക്ക് സ്ഥാപിക്കുക, ജനകീയ വിഷയങ്ങളിൽ ഇടപെടുക തുടങ്ങി പതിവ് തെരഞ്ഞെടുപ്പ് കലാപരിപാടികളുടെ തിരക്കിലാണ് നാടെങ്ങും.
അഞ്ച് വർഷമായി വാർഡിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന മെമ്പർമാർ ഇപ്പോൾ വാർഡിൽ നിറഞ്ഞു നിൽക്കുകയാണ്. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കേരളത്തിൽ മൂന്ന് മുന്നണികൾക്കും നിർണായകമാണ്.
പരമാവധി സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇടതുപക്ഷം. പരമാവധി പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക- ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുത്ത് ഭരണ വിരുദ്ധ വികാരം മറികടക്കാനാണ് എൽഡിഎഫ് ക്യാമ്പിലെ നീക്കം.
യുഡിഎഫ് ആകട്ടെ പരമാവധി സ്ഥാപനങ്ങളിൽ അധികാരം പിടിച്ചെടുത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ബിജെപിക്ക് പരമാവധി സീറ്റുകൾ നേടി കേരളത്തിൽ സാനിധ്യം അറിയിക്കേണ്ടതും അത്യാവശ്യമാണ്.
മൂന്ന് മുന്നണികൾക്കൊപ്പം ട്വന്‍റി 20 പോലുള്ള പ്രസ്ഥാനങ്ങളും കളം നിറഞ്ഞതോടെ കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി. അതേസമയം അതാത് വാർഡുകളിലെ വികസനങ്ങൾ അതിവേഗം പൂർത്തിയാക്കാനുള്ള തിടുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളും.
മത്സരിക്കാൻ അവസരം തേടി പലരും മുതിർന്ന നേതാക്കളുടെ തിണ്ണ നിരങ്ങുന്ന കാഴ്ച്ചകളും ഇപ്പോൾ കാണാം. സംവരണ വാർഡുകളുടെ ലിസ്റ്റ് വന്നിട്ടില്ലെങ്കിലും ഇത് കൂടി വരുന്നതോടെ ഇത്തരം കലാപരിപാടികൾ നാട്ടിൽ ചിരി പടർത്താറുണ്ട്.
അതേസമയം തിരക്കിട്ട് നടത്തുന്ന വികസന പരിപാടികൾ നാട്ടുകാർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ തിരക്കിട്ട് പലരെയും ഉൾപ്പെടുത്തുന്നതും ഇപ്പോൾ കണ്ടു വരുന്നുണ്ട്.
മുമ്പ് പദ്ധതിയിൽ ഉൾപ്പെട്ട പലർക്കും ഇതുവരെ തുക വിതരണം ചെയ്യാതിരിക്കുമ്പോഴാണ് വീണ്ടുംപലരെയും പദ്ധതിയിലേക്ക് തിരുകി കയറ്റുന്നത്. ഏത് വിധേനയും അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും.
Join Our Whats App group
Post A Comment: