ന്യൂഡെൽഹി: യുവതിയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ നാല് വയസുള്ള കുട്ടിയെ കുന്നിൻ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് 15 കാരന്‍റെ ക്രൂരത. ഡെൽഹിയിലെ ആനന്ദ് പർബത്തിലാണ് സംഭവം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റ നാല് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയൽവാസിയായ 15കാരനാണ് ക്രൂരത ചെയ്‌തത്. ട്യൂഷന് പോയ നാല് വയസുകാരന്‍ തിരിച്ചെത്തുന്ന സമയത്ത് എത്താതെ വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്. മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടിയെ അയല്‍വാസിയായ 15കാരന്‍ കൂട്ടിക്കൊണ്ട് പോവുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ 15കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് തള്ളിയിട്ട സ്ഥലത്തേക്കുറിച്ച് പുറത്തറിയുന്നത്.
സംഭവ സ്ഥലത്തെത്തിയ പൊലീസ് നാല് വയസുകാരനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഒരേ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് അക്രമിയും ആക്രമണത്തിന് ഇരയായ നാല് വയസുകാരനും. പത്താം ക്ലാസിന് ശേഷം പഠനം നിര്‍ത്തിയ പതിനഞ്ചുകാരന്‍ വീട്ടുടമയുടെ വാഹനം അനുമതി കൂടാതെ എടുത്തുകൊണ്ട് പോയി ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചത് അയല്‍വാസി വീട്ടുടമയോട് പറഞ്ഞിരുന്നു.
സെപ്തംബര്‍ 17നുണ്ടായ ഈ സംഭവത്തിന് പിന്നാലെ 15കാരനെ പിതാവ് മര്‍ദ്ദിച്ചിരുന്നു. പിതാവില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതില്‍ അയല്‍വാസിയോടുള്ള വൈരാഗ്യമാണ് പിഞ്ചുകുഞ്ഞിനെ ആക്രമിക്കാന്‍ 15കാരന് പ്രേരിപ്പിച്ചത്.
ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങി വരുന്നതിനിടെ സമീപത്തെ പാര്‍ക്കില്‍ കൊണ്ടുപോകാം എന്ന് വ്യക്തമാക്കിയാണ് 15 കാരന്‍ നാല് വയസുകാരനെ കൂട്ടിക്കൊണ്ട് പോയത്. 30 അടിയിലേറെ ഉയരമുള്ള പാറയില്‍ നിന്നാണ് നാല് വയസുകാരനെ 15 വയസുകാരന്‍ തള്ളിയിട്ടത്. നിലത്ത് വീണ കുട്ടിയെ കല്ലുകൊണ്ടും ആക്രമിച്ച് അവശനാക്കിയ ശേഷം 15 കാരന്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.
Join Our Whats App group
Post A Comment: