ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ രണ്ടാം കിട പൗരൻമാരാക്കുന്ന ഭൂനിയമ ചട്ട ഭേതഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ചട്ട ഭേതഗതി ജില്ലയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്നാരോപിച്ച് യുഡിഎഫും കോൺഗ്രസും നേരത്തെ തന്നെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
ഇതിനു പിന്നാലെ മർച്ചന്‍റ്സ് അസോസിയേഷൻ, കട്ടപ്പന ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം.
ചരിത്ര സംഭവമെന്നും ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നുമൊക്കെ വിശേഷിപ്പിച്ച ഭൂനിയമ ഭേതഗതി ചട്ട രൂപീകരണം ഇടിക്കിക്കാർക്കുള്ള ഇരുട്ടടിയാകുമെന്നാണ് നിയമ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ ചട്ടങ്ങളും പാലിച്ച് നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് വീണ്ടും ഫീസ് നൽകാനുള്ള നീക്കം വലിയ കൊള്ളയ്ക്കുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2019 മുതല്‍ തുടരുന്ന നിര്‍മാണ നിരോധന ഉത്തരവിന് ഇതുവരെയും പരിഹാരവും ഉണ്ടാക്കിയിട്ടില്ല. കട്ടപ്പന നഗരത്തിലെ താരിഫ് വില സെന്‍റിന് രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. താരിഫ് വില അടിസ്ഥാനമാക്കിയുള്ള പിഴ ചുങ്കം ചെറിയ കെട്ടിടങ്ങള്‍ക്ക് പോലും ലക്ഷങ്ങളുടെ ബാധ്യത വരുത്തി വയ്ക്കുമെന്നും ആശങ്കയുണ്ട്.
പട്ടയം ലഭിച്ച് കാലാകാലങ്ങളായി കൈവശം വെച്ച് അനുഭവിച്ചുവരുന്ന ഭൂമിയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃതമായി പെര്‍മിറ്റ് എടുത്ത് താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ളതുമായ കെട്ടിടങ്ങള്‍ പണിത് ഈ കെട്ടിടങ്ങള്‍ക്കും അതിരിക്കുന്ന വസ്തുവിനും അതാതുകാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ നികുതിയും അടച്ചുപോരുന്ന കെട്ടിടങ്ങള്‍ നിയമപരമല്ലെന്നും അത് നിയമപരമാകണമെങ്കില്‍ വന്‍തുക പിഴയൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.
ജില്ലയില്‍ ഷോപ്പ്സൈറ്റുകള്‍ക്കുള്‍പ്പെടെ ഇനിയും പട്ടയം ലഭിക്കാനുള്ള ലക്ഷക്കണക്കിനുള്ള ആളുകള്‍ക്ക് അവരുടെ ഭൂമിയും അതിലുള്ള കെട്ടിട ങ്ങളും ഈ ചട്ടങ്ങളിലൂടെ തികച്ചും നിയമവിരുദ്ധമായിരിക്കുകയുമാണ്. ഇടുക്കി ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള നിര്‍മാണ നിരോധനം നീക്കുന്നതിനുള്ള നടപടികളൊന്നും ഈ ചട്ടത്തില്‍ ഇല്ല.
കേരളാ ഭൂപതിവ് നിയമത്തില്‍ 26.4.2024 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രസ്തുത നിയമത്തിലെ നാലാം സെക്ഷനില്‍ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും വീടിനും എന്നു പറയുന്ന ഭാഗത്ത് കൃഷി-ഭവന ആവശ്യങ്ങള്‍ എന്നതിനു പുറമെ വാണിജ്യാ വശ്യങ്ങള്‍ക്കും എന്ന ഒറ്റ വാക്കു കൂടി ചേര്‍ത്ത് ചട്ടം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ വളരെ വലിയ പിഴകള്‍ ഈടാക്കുന്നതിനു മാത്രമായി ചട്ടം ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം ചട്ടത്തിലെ പോരായ്‌മകൾ പഠിക്കാൻ കൂട്ടാക്കാതെ ന്യായീകരണം നിരത്തി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷവും സർക്കാരും.
Join Our Whats App group

Post A Comment: