കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി യാത്രികർക്ക് പരുക്ക്. ഇടുക്കിയില്‍ കൊട്ടാരക്കര- ദിണ്ഡുക്കല്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഒമ്പത് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോരുവന്താം അമലഗിരിക്ക് സമീപാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 കുട്ടികള്‍ക്ക് നിസാര പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം ക്ലാരിയില്‍ പിക്കപ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരൂര്‍- മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.സി ബ്രദേഴ്‌സ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയെങ്കിലും തെങ്ങില്‍ ചാരിയതിനാല്‍ മറിയാതെ നിന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരുക്കില്ല.
എംസി റോഡില്‍ പത്തനംതിട്ട പന്തളം കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാര്‍ യാത്രക്കാര്‍ക്കും പരുക്കുണ്ട്.
മണ്ണന്തല മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.
Join Our Whats App group
Post A Comment: