ന്യൂഡെൽഹി: രാജ്യത്തെയല്ല, ലോകത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഡെൽഹി വിമാനത്താവളത്തിൽ നടന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന വിമാനത്തിന്‍റെ ലാന്‍റിങ് ഗിയറിൽ ഒളിച്ച് വന്ന 13 കാരന്‍റെ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്.
പാസ്പോർട്ടോ വിസയോ, ഇല്ലാതെ, മരംകോച്ചുന്ന തണുപ്പിൽ 94 മിനിറ്റ് എങ്ങനെ ആ ബാലൻ ജീവിച്ചിരുന്നുവെന്ന ചോദ്യമാണ് ഏവരും ഉയർത്തുന്നത്. മൈനസ് 65 ഡിഗ്രിവരെ തണുപ്പിൽ ഓക്‌സിജൻ പോലും ലഭ്യമല്ലാത്ത യാത്രയാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
ഡെൽഹി വിമാനത്താവളത്തിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ ബാലനെ ചോദ്യം ചെയ്‌തതോടെ അമ്പരപ്പിക്കുന്ന കാര്യമാണ് കുട്ടി പറഞ്ഞത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ വിമാനത്താവളത്തിലൂടെ നടക്കുന്നത് കണ്ടത്.
തുടർന്ന് കുട്ടിയെ വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെത്തിച്ച് ചോദ്യം ചെയ്‌തതോടെയാണ് വിമാനത്തിന്‍റെ ലാന്‍റിങ് ഗീയറിൽ ഒളിച്ചിരുന്നാണ് കുട്ടി എത്തിയതെന്ന് ബോധ്യമായത്.
ഒരു കൗതുകം കൊണ്ടാണ് താൻ വിമാനത്തിന്‍റെ ലാന്‍റിങ് ഗീയറിൽ ഒളിച്ചതെന്നായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തൽ. കാബൂളിൽ നിന്നുള്ള കാം എയർലൈൻസ് വിമാനം ആർക്യു 4401 ലാണ് 13 കാരൻ ഡെൽഹി വിമാനത്താവളത്തിലെത്തിയത്. ഞായറാഴ്ച്ച തന്നെ കുട്ടിയെ കാബൂളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇറാനിലേക്ക് പോകാൻ ലക്ഷ്യമിട്ടാണ് വിമാനത്തിൽ ഒളിച്ചിരുന്നതെന്നും വിമാനം മാറി പോയെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സംഭവത്തിനു പിന്നാലെ വിമാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ബാലന്‍റേതെന്ന് കരുതുന്ന ചുവന്ന നിറത്തിലുള്ള സ്‌പീക്കർ കണ്ടെത്തിയിട്ടുണ്ട്. ഇത് സുരക്ഷാ പരിശോധനക്ക് വിധേയമാക്കി. എന്നാൽ ബാലൻ എന്തിനാണ് സ്പീക്കർ കൈയിൽ കരുതിയതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
Join Our Whats App group
Post A Comment: