ലക്‌നൗ: കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസിനു സമാനമായ സംഭവം ഉത്തർപ്രദേശിലും. ഉത്തർപ്രദേശിലെ കാൺപൂരിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. ഗുരുതര പരുക്കേറ്റ രേഷ്മയെന്ന സ്ത്രീ ചികിത്സയിലാണ്. ഇവരുടെ ഭർത്താവ് ഷാനവാസാണ് ക്രൂരത ചെയ്‌തത്.
സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. രേഷ്മയുടെ ആരോഗ്യ നില ഗുരുതരമാണ്. ഭർത്താവിനും മറ്റ് ആറ് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുറിക്കുള്ളിൽ പാമ്പ് കടിയേറ്റ യുവതി വേദന കൊണ്ട് പുളഞ്ഞ് ജീവനായി നിലവിളിച്ചെങ്കിലും ഭർത്താവിന്‍റെ വീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. സഹോദരി എത്തിയപ്പോഴേക്കും രേഷ്മ അവശനിലയിലായിരുന്നു. 2021ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒന്നര ലക്ഷം മാത്രമേ നൽകിയിരുന്നുള്ളു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം.
Join Our Whats App group
Post A Comment: