വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇടതു സർക്കാർ കൊണ്ടുവന്ന ഭൂനിയമ ചട്ട ഭേതഗതി സർക്കാരിന് തന്നെ വിനയാകുന്നു. ചരിത്ര നേട്ടമെന്ന വിളിപ്പേരിട്ടാണ് ചട്ട ഭേതഗതിയെ ഇടുക്കിയിലെ മന്ത്രിയും എൽഡിഎഫ് നേതൃത്വവും വരവേറ്റത്. എന്നാൽ ചട്ട ഭേതഗതിയിൽ മറഞ്ഞിരിക്കുന്ന നൂലാമാലകളുടെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്നതോടെ സർക്കാരും ജില്ലയിലെ എൽഡിഎഫ് നേതൃത്വവും പ്രതിരോധത്തിലായി.
യുഡിഎഫും വിവിധ കർഷക സംഘടനകളും വ്യാപാരികളും അടക്കം ചട്ട ഭേതഗതിയെ എതിർത്ത് രംഗത്തെത്തിയതും ഇടതു കേന്ദ്രങ്ങൾക്ക് വിനയായിരിക്കുകയാണ്. ഇതിനു പിന്നാലെ സർക്കാരിന് അഭിനന്ദനം അറിയിച്ചും യുഡിഎഫിനെ പ്രതിരോധിച്ചും എൽഡിഎഫ് വിശദീകരണ യോഗങ്ങൾ ചേർന്നെങ്കിലും ഇവിടെയും തിരിച്ചടികളാണ് എൽഡിഎഫിനെ കാത്തിരുന്നത്.
ജില്ലയുടെ വാണിജ്യ സിരാകേന്ദ്രമായ കട്ടപ്പനയിൽ അടക്കം നടത്തിയ വിശദീകരണ യോഗങ്ങളിൽ ആളൊഴിഞ്ഞ കസേരകളാണ് കാത്തിരുന്നത്. ഇതോടെ എൽഡിഎഫ് കേന്ദ്രങ്ങളിലും ചട്ട ഭേതഗതി ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തൂത്തുവാരുന്നതിനു ലക്ഷ്യമിട്ടാണ് എൽഡിഎഫ് ഭൂപതിവ് ചട്ട ഭേതഗതിക്ക് നീക്കം നടത്തിയത്. മന്ത്രി സഭ ഇതിന് അംഗീകാരം കൊടുത്തതിനു പിന്നാലെ തന്നെ ജില്ലയിൽ പ്രചരണം നടത്തി ആളുകളെ കൈയിലെടുക്കുകയായിരുന്നു എൽഡിഎഫ് ലക്ഷ്യമിട്ടത്.
അതേസമയം ചട്ട ഭേതഗതിയിലെ നൂലാമാലകളാണ് ഇപ്പോൾ എതിർ കക്ഷികൾ ആയുധമാക്കുന്നത്. നിലവിൽ പട്ടയ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങളെ കൈയേറ്റങ്ങളായി ചിത്രീകരിച്ച് വീണ്ടും പിഴയൊടുക്കുന്നതിന് നിർദേശിക്കുന്നതാണ് നിലവിലെ ചട്ട ഭേതഗതിയെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.
ഇത് ലക്ഷങ്ങളുടെ ബാധ്യതയ്ക്ക് കാരണമാകുകയും, ഒപ്പം നിലവിൽ യാതൊരു പ്രതിസന്ധിയും നേരിടാത്ത കെട്ടിടങ്ങളെ വരെ നിയമ വിരുദ്ധമാക്കുകയും ചെയ്യും. മുന്നോട്ടുള്ള മറ്റു നിയമങ്ങൾച്ച് ഈ ഭേതഗതി തിരിച്ചടിയാകുമെന്നും നിയമ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വേണ്ടത്ര കൂടിയാലോചനകളോ, നിയമ വിദഗ്ദരുടെ അഭിപ്രായമോ തേടാതെയാണ് ഇപ്പോഴത്തെ ചട്ട ഭേതഗതിയെന്നും ആക്ഷേപം ഉയർത്തുന്നുണ്ട്. അതേസമയം ഇടുക്കിയിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ചട്ട രൂപീകരണമെന്നാണ് ബിജെപിയും കോൺഗ്രസും അടക്കം ആരോപിക്കുന്നത്.
വരാനിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തെയും ബിജെപിയെയും പ്രതിരോധിക്കാമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം കൊണ്ടുവന്ന ചട്ട രൂപീകരണം ഇപ്പോൾ സ്വയം വിനയായിരിക്കുകയാണെന്ന് എൽഡിഎഫിൽ തന്നെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇടത് കേന്ദ്രങ്ങളെന്നാണ് പുറത്തു വരുന്ന വിവരം.
Join Our Whats App group
Post A Comment: