ഇടുക്കി: മലയോര ഹൈവേ നിർമാണം നടത്തുന്ന കരാറുകാരുടെ അലക്ഷ്യതയിൽ വീണ്ടും ഒഴിവായത് വൻ ദുരന്തം. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടിക്കും പരപ്പിനും ഇടയിലെ പാറമടയ്ക്ക് സമീപത്ത് ബുധനാഴ്ച്ച വൈകിട്ട് അഞ്ചരയോടെ കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു. റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.
പീരുമേട് സ്വദേശിയുടെ കാർ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. റോഡിന്‍റെ മുകള്‍വശത്തെ തിട്ടയുടെ ഭാഗത്ത് കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്.
ഈ സംരക്ഷണഭിത്തി നിര്‍മാണം നടക്കുന്നതിനു മുകളിലുള്ള ഭാഗത്തെ കല്ല് പൊട്ടിക്കാന്‍ കെമിക്കല്‍ ഒഴിച്ചുവച്ചിരുന്ന ഭാഗത്തെ കല്ലാണ് റോഡിലേക്ക് വീണത്. ഇതുസംബന്ധിച്ച് യാതൊരുമുന്നറിയിപ്പും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
മുമ്പും മലയോര ഹൈവേ നിർമാണം നടക്കുന്നതിനിടെ കരാറുകാരുടെ അശ്രദ്ധ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. കെ. ചപ്പാത്ത് മുതൽ കട്ടപ്പന വരെ നടക്കുന്ന റീച്ചിലെ നിർമാണത്തിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
എന്നാൽ ജില്ലാ ഭരണകൂടവോ, സർക്കാരോ കരാറുകാരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിട്ടില്ല. ഇത് അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഭാഗമാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Join Our Whats App group
Post A Comment: