ഇടുക്കി: ജില്ലയിലെ നിരത്തുകളിൽ ഇന്ന് വാഹനാപകടങ്ങളുടെ പരമ്പര. പലയിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു. അശാസ്ത്രീയമായ റോഡ് നിർമാണം മുതൽ വാഹനങ്ങളുടെ അമിത വേഗം വരെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
നെടുങ്കണ്ടം താന്നിമൂട്ടിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. നിരവധി യാത്രികർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ചെന്നാപാറ കട്ടക്കാലായില്‍ അലീമ ഷാഹുല്‍, മുണ്ടിയെരുമ സ്വദേശിനിയായ ജി.എസ്.ടി ഓഫീസ് ജീവനക്കാരി ബാലാമണി എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. നെടുങ്കണ്ടത്തു നിന്നും കുമളിക്ക് പോവുകയായിരുന്നു സ്വകാര്യ ബസും തൂക്കുപാലത്തു നിന്നും നെടുങ്കണ്ടത്തേക്ക് വരുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കല്ലാറിന് സമീപത്തെ കൊടുംവളവില്‍ തേയിലയുമായി എത്തിയ മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ നിന്നും എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്.
വണ്ടിപ്പെരിയാറില്‍ നിന്നും മൂന്നാറിലേക്ക് തേയിലക്കൊളുന്ത് എത്തിക്കാന്‍ പോകുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കമ്പനി ജീവനക്കാരായ സോമന്‍(53), ലിംഗം(51), വിജയ്(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളയാംകുടി സരസ്വതി സ്‌കൂളിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂടിയിടിച്ച് മിനി ലോറി ഡ്രൈവര്‍ക്ക് പരുക്ക്. കട്ടപ്പനയില്‍ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസും, ചെറുതോണി ഭാഗത്ത് നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇവിടെ പാതയുടെ വശത്തായി പിക്കപ്പ് ജീപ്പ് പാര്‍ക്ക് ചെയ്തിരുന്നു. ഈ വാഹനത്തെ മറികടക്കുന്നതിനിടെ ബസ് എതിര്‍ ദിശയില്‍ വന്ന മിനി ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ കോതമംഗലം സ്വദേശി അജാസിനെ പുറത്തെടുത്തത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളമാവിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു.
Post A Comment: