ഇടുക്കി: കനത്ത മഴയുടെ മറവിൽ അയ്യപ്പൻകോവിൽ കെ. ചപ്പാത്തിലെ കൈയേറ്റ ഭൂമിയിൽ വീണ്ടും നിർമാണം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ വൃഷ്‌ടി പ്രദേശമായ ചപ്പാത്ത്- പരപ്പ് ഭാഗത്ത് വൻ കൈയേറ്റങ്ങൾ നടക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇതിൽ ചപ്പാത്ത് സിറ്റിയിൽ രണ്ട് കെട്ടിടങ്ങളുടെ നിർമാണം ഇപ്പോൾ നടന്നു വരികയായിരുന്നു. ഒരു കെട്ടിടം മൂന്ന് നില പൊക്കത്തിൽ പണി 90 ശതമാനം പൂർത്തിയാക്കുകയും മറ്റൊരു കെട്ടിടം തൊട്ടടുത്ത് ഫില്ലർ കെട്ടി തുടങ്ങുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
അതീവ പ്രാധാന്യമുള്ള ഇടുക്കി പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത് നടക്കുന്ന ഗുരുതര പുഴ കൈയേറ്റത്തിന്‍റെ വാർത്ത ദേശീയ മാധ്യമങ്ങളിൽ അടക്കം പുറത്ത് വന്നതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും വില്ലേജിൽ നിന്നും പഞ്ചായത്തിൽ നിന്നും പണി നിർത്തിവയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ഇപ്പോൾ വീണ്ടും രണ്ടിടത്തും നിർമാണം ആരംഭിച്ചിരിക്കുന്നത്.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ നിലവിൽ നിർമാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളും വെള്ളത്തിലാണ്. പുതുതായി ഫില്ലർ കെട്ടിയ കെട്ടിടത്തിന്‍റെ നിർമാണം നടക്കുന്ന ഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങി.
അതേസമയം കൈയേറ്റ സ്ഥലത്തെ നിർമാണത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ വീണ്ടും നിർമാണം നടക്കുന്നതിന്‍റെ പിന്നിൽ വൻ അഴിമതിയുണ്ടെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
കൈയേറ്റ ലോബിയും പ്രദേശത്തെ ഭരണപക്ഷ അനുകൂല രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖരും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദേശത്തെ കൈയേറ്റ ലോബിക്ക് കുട പിടിക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ പ്രവർത്തകരുടെ വിവരങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ് നാല് വർഷത്തിനിടെ പെരിയാർ തീരത്ത് നിരവധി വൻകിട കെട്ടിടങ്ങളാണ് ഉയർന്നു പൊങ്ങിയത്. ഇതിൽ ഏറിയ പങ്കും സിപിഎം ഭരിക്കുന്ന അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലാണ്. കൈയേറ്റ മാഫിയകൾക്ക് ഭരണപക്ഷ അനുകൂല പാർട്ടികൾ നൽകുന്ന പിന്തുണയാണ് ഇതിനു പിന്നിലെന്നാണ് വിവരം.
വലിയ ഭൂ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ പഞ്ചായത്തുകളിൽ പട്ടയ ഭൂമിയിൽ പോലും കെട്ടിട നിർമാണത്തിന് എൻഒസി നിഷേധിക്കുകയാണ് പഞ്ചായത്ത്. പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും കൈക്കൂലി നൽകുന്നവർക്കും മാത്രം വൻകിട കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുമ്പോൾ സാധാരണക്കാർ ഒരു മാട്ടിൻകൂട് നിർമിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തൊഴിലാളി മരിച്ചു
ഇടുക്കി: മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് തൊഴിലാളി മരിച്ചു. നെടുങ്കണ്ടം പുഷ്പകണ്ടത്ത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശി മഹീന്ദ്രന്‍ (40) ആണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരം മുറിക്കുന്നതിനിടെ കാല്‍വഴുതി നിലത്തു വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇദ്ദേഹം വര്‍ഷങ്ങളായി പുഷ്പക്കണ്ടത്ത് വാടകയ്ക്ക് താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.
Post A Comment: