തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും ബിജെപിയുടെ വളർച്ചയും പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കിയിരിക്കെ നേതൃത്വത്തിന്‍റെ ധിക്കാര നിലപാടുകളിൽ സിപിഎമ്മിനുള്ളിൽ അമർഷം പുകയുന്നു.
വിമർശനം ഉന്നയിച്ച ക്രൈസ്‌തവ സഭാ ബിഷപ്പിനെ അവഹേളിച്ച നടപടി സൈബർ ലോകത്തും മാധ്യമങ്ങളിലും വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് വീണ്ടും വീണ്ടും ധിക്കാര നിലപാടുകളുമായി പാർട്ടി നേതൃത്വം നീങ്ങുന്നത്. കണ്ണൂർ അടക്കമുള്ള പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലുള്ള വോട്ട് ചോർച്ച അടക്കം മുന്നറിപ്പ് നൽകിയിട്ടും ധിക്കാര നിലപാട് തുടരുന്നത് പാർട്ടിയെ നാമാവശേഷമാക്കുമെന്നുള്ള ഭീതിയും അണികൾക്കിടയിൽ വ്യാപിക്കുന്നുണ്ട്.
നിലവിലെ സ്ഥിതി തുടർന്നാൽ വരാനിരിക്കുന്ന തദ്ദേശ, നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനൊപ്പം നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ ഗണ്യമായി കുറഞ്ഞതും ബിജെപി വോട്ടുകളിൽ വർധനവുണ്ടായതും ഗൗരവമായി പഠിക്കേണ്ട വിഷയമായിട്ടും ഇക്കാര്യത്തിൽ പാർട്ടി മൗനം തുടരുന്നാണ് ഒരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്.
നിലവിൽ പാർട്ടി ഏകാധിപതികളുടെ കൈകളിലാണെന്ന വിമർശനവും ഉയരുന്നുണ്ട്. നിലവിലെ ഭരണ കാലയളവ് കഴിയുന്നതോടെ ഈ ഏകാധിപതികൾ കളം ഒഴിയും. അപ്പോളേക്കും സംസ്ഥാനത്ത് പാർട്ടിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.
എന്നാൽ നിലവിൽ പാർട്ടിക്കുള്ളിൽ പോലും വിമർശനം ഉന്നയിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പാർട്ടിക്കുമപ്പുറം നേതാക്കൾ ഉയർന്നു കഴിഞ്ഞതോടെ പാർട്ടി യോഗങ്ങൾ വിമർശനം ഉന്നയിക്കാൻ കഴിയാത്ത വേദികളായി മാറിയെന്ന ആരോപണവുമുണ്ട്.
തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനൊപ്പം സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ശക്തിപ്പെട്ടത് ഇടത് പ്രസ്ഥാനങ്ങൾക്ക് തന്നെ തിരിച്ചടിയാകാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെയാണ് വിമർശനങ്ങളോട് പോലും അസഹിഷ്‌ണുത കാണിച്ചുകൊണ്ട് നേതൃത്വം ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ സൽപ്പേരിന് തന്നെ കളങ്കമാകുമെന്ന മുന്നറിയിപ്പും അണികൾ പങ്കുവയ്ക്കുന്നു.
ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി: നിയന്ത്രണം നഷ്‌ടപ്പെട്ട ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പിൽ ടോം തോമസ് (28) ആണ് മരിച്ചത്. എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപമുള്ള മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റാണ്.
കഴിഞ്ഞ ദിവസമാണ് അവധിക്ക് വീട്ടിലെത്തിയത്. ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. പെട്ടെന്ന് എതിരെയെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച്ച മഞ്ഞപ്പെട്ടി സെന്‍റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും. അവിവാഹിതനാണ്.
Post A Comment: