കൊച്ചി: മഴക്കാലമായതോടെ വീടുകളിലും പുരയിടത്തിലുമൊക്കെ പാമ്പുകളെ കാണാൻ തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ചൂട് പിടിച്ചു കിടക്കാൻ പാമ്പുകൾ വീടുകൾക്കുള്ളിൽ അഭയം തേടുന്നതും പതിവാണ്. പാമ്പുകളുടെ ഈ വരവ് ഒഴിവാക്കാൻ വീടുകളിൽ തന്നെയുള്ള ചില പൊടിക്കൈകൾ നോക്കാം.
ഗ്രാമ്പു, കറുവാപട്ട തൈലം
ഗ്രാമ്പു, കറുവാപ്പട്ട തൈലങ്ങൾ പാമ്പുകളെ അകറ്റി നിർത്താൻ മികച്ചതാണ്. ഇവ വീടിനുള്ളിലും പരിസരത്തും തളിച്ചാൽ പാമ്പ് ഈ പ്രദേശത്തേക്ക് വരില്ല. ഇവയുടെ രൂക്ഷ ഗന്ധം തന്നെയാണ് പാമ്പുകളെ അകറ്റി നിർത്തുന്നത്. ഇവ പൊടിച്ചിടുന്നതും നല്ലതാണ്.
വെളുത്തുള്ളി
എല്ലാ വീടുകളിലും ഉള്ള വെളുത്തുള്ളിയും പാമ്പുകളെ തുരത്തുന്ന ഒന്നാണ്. വെളുത്തുള്ളി ചതച്ചോ, മിക്‌സിയിൽ ഇട്ട് അടിച്ച് വെള്ളത്തിൽ കലക്കിയോ ഉപയോഗിക്കാം. പാമ്പ് വരാൻ സാധ്യതയുള്ള പ്രദേശത്തും വീടിനു ചുറ്റും ഇവ തളിക്കുന്നത് നല്ലതാണ്.
സൾഫർ
സള്‍ഫറും പാമ്പുകളെ അകറ്റി നിര്‍ത്താനുള്ള ഒരു വഴിയാണ്. സള്‍ഫറിന്‍റെ തീക്ഷ്ണ ഗന്ധം പാമ്പുകളെ അകറ്റി നിര്‍ത്തുന്നു. ഇത് പൊടിച്ച ശേഷം ചുറ്റിലും ഇടാം. ഇങ്ങനെ ചെയ്യുമ്പോള്‍ മൂക്കു മുടി വേണം ചെയ്യാന്‍. ഇത് വിഷമായതു കൊണ്ടല്ല, ഇതിന്‍റെ കുത്തിക്കയറുന്ന ഗന്ധം തന്നെയാണ് കാരണം.
സവാള
സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്. സവാള അരിഞ്ഞോ ചതച്ചോ വയ്ക്കാം. അല്ലെങ്കില്‍ സവാളയുടെ നീരെടുത്ത് തളിയ്ക്കാം. ഇതും പാമ്പിനെ ഒഴിവാക്കാന്‍ ഏറെ നല്ലൊരു വഴിയാണ്.
ഗുളിക
നാഫ്തലീന്‍ ഗുളികകള്‍ പോലുള്ളവയും പാമ്പിനെ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇവ വീടിനു ചുറ്റുപാടും വീടിനുള്ളിലും വിതറുക.
മണ്ണെണ്ണയും വിനിഗറും
മണ്ണെണ്ണ പോലുള്ള ലായനികള്‍ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. ഇവയുടെ ഗന്ധവും പാമ്പിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. വിനിഗര്‍ തളിയ്ക്കുന്നതും പാമ്പുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.
വീട്ടിലും പരിസരത്തും പോടുകളുണ്ടെങ്കില്‍ ഇവ അടച്ചു വയ്ക്കുക. ഇത്തരം ഇടങ്ങളില്‍ പാമ്പു കയറിക്കൂടാന്‍ സാധ്യതയുണ്ട്.
ഞങ്ങളുടെ വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക് ചെയ്യു
Post A Comment: