ഇടുക്കി: അയ്യപ്പൻകോവിൽ ചപ്പാത്തിലെ പുഴ കൈയേറ്റത്തിൽ കൈ പൊള്ളിയതോടെ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ആലോചന. ഭരണ കക്ഷി നേതാക്കൾ ഉൾപ്പെട്ട "സംഘം' യോഗത്തിലാണ് മാധ്യമ പ്രവർത്തകനെതിരെ ഗൂഡാലോചന നടന്നത്.
മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ രണ്ട് വൻകിടക്കാരാണ് കെ. ചപ്പാത്തിൽ കെട്ടിടം നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഒരു കെട്ടിടം മൂന്ന് നില വരെ ഉയരുകയും മറ്റൊന്ന് ഫില്ലർ വാർക്കുകയും ചെയ്‌തിട്ടുണ്ട്.
ഇടുക്കി പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് നടന്ന വൻ കൈയേറ്റ വാർത്ത മംഗളം ദിനപത്രമാണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ ഇതര മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിക്കുകയും ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് നൽകുകയും ചെയ്‌തു.
വാർത്ത സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായതോടെ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് നിർമാണം നിർത്തിവയ്പ്പിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും നിർമാണം നടന്നെങ്കിലും മാധ്യമ വാർത്ത ശക്തമായതോടെ വീണ്ടും റവന്യൂ വകുപ്പിന് നടപടിയെടുക്കേണ്ടി വന്നു.
പ്രദേശത്തെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന പുഴ കൈയേറ്റത്തിനാണ് ഇതോടെ തടസം നേരിട്ടത്. ഇതിനിടെ മാധ്യമ പ്രവർത്തകർക്കടക്കം വൻ ഓഫറുകളുമായി ഇടനിലക്കാർ രംഗത്തെത്തിയെങ്കിലും വഴങ്ങാതെ വന്നതും കൈയേറ്റ ലോബിക്ക് തിരിച്ചടിയായി.
ഇതിനു പിന്നാലെയാണ് ചപ്പാത്തിന് സമീപ പ്രദേശത്തെ ഭരണ കക്ഷി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിലുള്ള സംഘത്തിൽ പ്രദേശവാസികളായ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ആലോചന നടന്നത്.
കായികമായി മാധ്യമ പ്രവർത്തകനെ നേരിടുന്നതിനും അപായപ്പെടുത്തുന്നതിനുമായിരുന്നു ആലോചന. നാടിനും വീടിനും യാതൊരു ഗുണവുമില്ലാതെ കള്ളും കഞ്ചാവുമടിച്ച് തേരാപ്പാരാ നടക്കുന്ന ചിലരായിരുന്നു ഗൂഡാലോചന സംഘത്തിലുണ്ടായിരുന്നത്. നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി പോലുമില്ലാത്ത ഗൂഡാലോചന സംഘം ഭീഷണി വാർത്ത പുറത്തു വന്നതോടെ മാളത്തിൽ ഒളിച്ചു.
സംഘത്തിലെ തന്നെ അംഗങ്ങളാണ് വിഷയം പുറത്തു വിട്ടത്. സംഭവത്തിൽ മാധ്യമ പ്രവർത്തക കൂട്ടായ്മ ഇടപെടുകയും പൊലീസിനെയും പാർട്ടി നേതൃത്വത്തെയും വിഷയം ധരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കിയവരുടെ പേര് സഹിതം പരാതി നൽകാനും വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനുമുള്ള നീക്കത്തിലാണ് മാധ്യമ പ്രവർത്തകർ.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
മൂന്നാറിൽ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഇടുക്കി: ഓട്ടത്തിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം വന്നതിനെ തുടർന്ന് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കിയിലെ മൂന്നാറിലാണ് അപകടം സംഭവിച്ചത്. ജീപ്പ് ഡ്രൈവർ മുനിയാണ്ടിയാണ് മരിച്ചത്.
മൂന്നാറിൽ നിന്നും ഗുണ്ടുമലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മുനിയാണ്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയും വാഹനം മറിയുകയുമായിരുന്നു. വാഹനത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്.
ഇതിൽ രണ്ട് യാത്രികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മൂന്നാറിലെ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയവാര പാലത്തിന് സമീപത്താണ് അപകടം നടന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Post A Comment: