മലാഡി: ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ മനുഷ്യ വിരൽ കിട്ടയതായി ആക്ഷേപം. മഹാരാഷ്ട്രയിലെ മലാഡിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ വഴിയാണ് മലാഡ് സ്വദേശിയായ ഡോ. ബ്രെന്‍ഡന്‍ ഫെറാവോ യമ്മോ കമ്പനിയുടെ ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെ ഭക്ഷണത്തിനു ശേഷം ഐസ്‌ക്രീം കഴിക്കുമ്പോഴാണു വിരലിന്‍റെ ഭാഗം കണ്ടത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം ഐസ്‌ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവില്‍ തട്ടി. അണ്ടിപ്പരിപ്പാണെന്നു കരുതി പരിശോധിച്ചപ്പോഴാണ് വിരലിന്‍റെ ഒരു ഭാഗമാണെന്നു മനസിലായതെന്നും ഡോക്ടര്‍ പറയുന്നു. നഖമടക്കം ഒന്നര സെന്‍റിമീറ്റര്‍ നീളമുള്ള വിരലിന്‍റെ ഭാഗമാണു ലഭിച്ചത്.
സോഷ്യല്‍മീഡിയ വഴി ഐസ്‌ക്രീം കമ്പനിക്കു പരാതി നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വിരല്‍ ഒരു ഐസ്ബാഗിലാക്കി മലാഡ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ യമ്മോ ഐസ്‌ക്രീം കമ്പനിക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലാഡ് പൊലീസ് അറിയിച്ചു. വിരലിന്‍റെ കഷണം മനുഷ്യന്‍റെ ആണോയെന്നു സ്ഥിരീകരിക്കുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: