ഇടുക്കി: ശവ സംസ്‌കാര ചടങ്ങിനിടെ നിയന്ത്രണം വിട്ടെത്തിയ വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ഇരട്ടയാർ ഉപ്പുകണ്ടം നെല്ലംവുഴയിൽ സ്കറിയ (70) ആണ് മരിച്ചത്.
തറപ്പേൽ നിതിൻ, ചൂരക്കാട് ജോർജ് കുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരട്ടയാർ ഉപ്പുകണ്ടത്ത് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ഇരട്ടയാർ ഉപ്പുകണ്ടം കൊറ്റിനിക്കൽ മറിയക്കുട്ടിയുടെ സംസ്കാര ചടങ്ങ് വീട്ടിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനു മുന്നിലെ റോഡിലെ ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ബൊലേറോ സംസ്കാര ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നിന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സ്‌കറിയയുടെ ശരീരത്തിൽ വാഹനം കയറിയിറങ്ങി. തുടർന്ന് സമീപത്തു നിന്നിരുന്ന ആംബുലൻസ് ഡ്രൈവർ നിതിനെയും ജോർജു കുട്ടിയെയും ഇടിപ്പിച്ചു തെറുപ്പിച്ചു. നിതിന് തലയ്ക്കും കൈകാലുകൾക്കുമാണ് പരുക്കേറ്റത്. മരണ വീട്ടിലെ തന്നെ വാഹനമാണ് അപകടത്തിനിടയാക്കിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
Post A Comment: