ഇടുക്കി: മാങ്കുളത്ത് ഗൃഹനാഥനെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മാങ്കുളം പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്.
കേസിൽ ഇയാളുടെ മകൻ ബിബിനാണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹം നടത്താൻ പണം നൽകാത്തതിന്‍റെ പേരിൽ പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിബിൻ പൊലീസിന് മൊഴി നൽകി.
വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് തങ്കച്ചന്‍റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹത തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
പിതാവിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ഷെഡ്ഡിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകിട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.
Post A Comment: