വർക്കല: വിവാഹ തലേന്ന് പെൺവീട്ടിലുണ്ടായ സംഘർഷത്തിൽ വധുവിന്‍റെ പിതാവ് കൊല്ലപ്പെട്ടു. വധുവിന്‍റെ മുൻ ആൺ സുഹൃത്തും സംഘവുമാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: