താപനില കുതിച്ചുയർന്നതോടെ ചൈനയിൽ ജനങ്ങൾ കൊടുംചൂടിൽ വലയുകയാണ്. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇപ്പോൾ പലയിടങ്ങളിലും താപനില.
ഇതോടെ കൊടും ചൂടിൽ നിന്നും രക്ഷപെടാനുള്ള പെടാപാടിലാണ് ചൈനയിൽ ജനങ്ങൾ. ഇതിനിടെ ചൂട് സഹിക്കവയ്യാതെ ഫ്രിഡ്‌ജിനുള്ളിൽ അഭയം തേടിയ യുവാവിന്‍റെ ചിത്രവും വീഡിയോയും വൈറലായിരിക്കുകയാണ്.
ചൈനയിലെ ഗ്വാങ്‌ഡോംഗിൽ നിന്നുള്ള യുവാവാണ് ഒരു ബിവറേജ് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്നു താൽക്കാലിക ആശ്വാസം തേടിയത്. ഫ്രിഡ്ജിനുള്ളിൽ ഒരു ചെറിയ സ്റ്റൂളിൽ ഇരുന്ന് യുവാവ് ഫോൺ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്.
എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ചുറ്റുമുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ സുഖമായി യുവാവ് ഫ്രിഡ്ജിനുള്ളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. അയാൾ ഇരിക്കുന്നതിന്‍റെ മറുവശത്ത് ശീതളപാനീയങ്ങൾ അടുക്കിവെച്ചിരിക്കുന്നതും കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് യുവാവിനെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ മനപ്പൂർവം സൃഷ്ടിച്ച വീഡിയോ ആണ് എന്നായിരുന്നു ഒരു കൂട്ടം ആളുകളുടെ വാദം.
യുവാവ് താമസിക്കുന്ന പ്രദേശത്ത് എവിടെയും എസി ഇല്ലാത്തതുകൊണ്ടാണോ ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്നതെന്നും ഫ്രിഡ്ജിലെ താപനില എത്രയായിരുന്നുവെന്നതും ഉൾപ്പെടെ നിരവധി സംശയങ്ങളാണ് വീഡിയോ കണ്ട ആളുകൾക്ക് ഉള്ളത്.
വീഡിയോയിലുള്ള ചെറുപ്പക്കാരൻ ഏതെങ്കിലും സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ ആയിരിക്കുമെന്നും കടയുടമ വരുന്നതിനു മുൻപ് സൂത്രത്തിൽ വീഡിയോ ഷൂട്ട് ചെയ്തതായിരിക്കും എന്നും ചിലർ കുറിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: