തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയായ 17 കാരി ട്യൂഷൻ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് 17 കാരിയായ വിദ്യാർഥിനിക്കൊപ്പം ഒളിച്ചോടിയത്. യുവതിയുടെ 24 കാരനായ ആൺ സുഹൃത്താണ് ഒളിച്ചോട്ടത്തിന് വേണ്ട സഹായങ്ങൾ ചെയ്‌തത്.
എറണാകുളം അങ്കമാലിയിൽവച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. യുവതിയെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്‌ത പൊലീസ് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. അതേസമയം പെൺകുട്ടിക്ക് 18 വയസ് തികഞ്ഞാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്നാണ് ഇരുവരും പറയുന്നത്.
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാർഥിനിയാണ് പെൺകുട്ടി. 17 വയസ് മാത്രമുള്ള കുട്ടിയെ വീട്ടുകാർ പഠിക്കാനായി ട്യൂഷൻ ക്ലാസിൽ ചേർക്കുകയായിരുന്നു. ഇവിടുത്തെ അധ്യാപികയായ 22 കാരിയും പെൺകുട്ടിയും വളരെ വേഗം അടുപ്പത്തിലായി.
പിന്നീട് വാട്‌സാപ് ചാറ്റിലൂടെയാണ് ബന്ധം വളർന്നത്. ലൈംഗിക കാര്യങ്ങളിൽ ഇരുവരും ഒരുപോലെ താൽപര്യം കാണിച്ചതോടെ ബന്ധം അതിവേഗം പ്രണയത്തിലേക്ക് മാറി. യുവതിയുടെ ആൺ സുഹൃത്ത് 24 കാരനും ഇവരുടെ ബന്ധത്തിന് കൂട്ടായിരുന്നു.
ഇതിനിടെ ട്യൂഷൻ ക്ലാസിൽ ഇരുവരെയും അരുതാത്ത സാഹചര്യത്തിൽ വിദ്യാർഥിനിയുടെ വീട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിദ്യാർഥിനിയുടെ ട്യൂഷൻ നിർത്തിയ വീട്ടുകാർ അധ്യാപികയ്ക്ക് താക്കീതും നൽകി.
എന്നാൽ ഇതുകൊണ്ടൊന്നും തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ഇവർ തയാറല്ലായിരുന്നു. ചാറ്റിലൂടെയും ഫോൺ വിളികളിലൂടെയും ബന്ധം തുടർന്ന ഇരുവരും ഇടക്കിടെ കണ്ടുമുട്ടി. ഇതും വീട്ടുകാർ കണ്ടെത്തിയതോടെയാണ് ഒളിച്ചോട്ടത്തിന് ഇരുവരും തയാറായത്. ഇവർക്ക് സഹായം ചെയ്യാൻ 24 കാരനും ഒപ്പം കൂടി.
തിരുവനന്തപുരത്ത് നിന്നും ഒളിച്ചോടിയ ഇരുവരും എറണാകുളം അങ്കമാലിയിലെത്തിയപ്പോഴാണ് പിടിവീഴുന്നത്. പൊലീസ് പിടിച്ചെങ്കിലും തങ്ങളുടെ തീരുമാനത്തിൽ നിന്നും മാറില്ലെന്നാണ് ഇവരുടെ ഭാഷ്യം. പെൺകുട്ടിക്ക് 18 തികഞ്ഞാൽ ഒന്നിച്ച് ജീവിക്കാനാണ് തിരുമാനം. അതേസമയം അധ്യാപികയും ആൺ സുഹൃത്തും ഇപ്പോൾ ജയിലിലാണ്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: