ഇടുക്കി: നോട്ട് ഇരട്ടിപ്പിന്‍റെ പേരിൽ കള്ളനോട്ട് വിതരണം ചെയ്‌ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വണ്ടിപ്പെരിയാറ്റിൽ യുവാവിനെ കള്ളനോട്ടുമായി പിടികൂടിയതോടെയാണ് കള്ളപ്പണ ഇടപാടിലെ വൻ റാക്കറ്റിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അണക്കര പാമ്പുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശി സിജു ഫിലിപ്പ് എന്നിവരെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി സബിന്‍ ജേക്കബ് നേരത്തെ അറസ്റ്റിലായിരുന്നു.
തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നും വാങ്ങിയ കള്ളനോട്ട് ജില്ലയിൽ വിതരണം ചെയ്യുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. കേസിലെ മുഖ്യ പ്രതിയായ സബിൻ വണ്ടിപ്പെരിയാർ 63-ാം മൈലിലെ പെട്രൊൾ പമ്പിൽ 3000 രൂപയുടെ കള്ളനോട്ട് നൽകിയതാണ് പ്രതികളെ സംബന്ധിച്ച വിവരം പൊലീസിന് ലഭിക്കുന്നതിന് കാരണമായത്.
വിവരം പൊലീസിനെ അറിയിച്ചതോടെ സബിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച്ച ഇയാളുടെ ഡൈമുക്കിലെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ 500 രൂപയുടെ 44 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. സബിനെ ചോദ്യം ചെയ്‌തതോടെയാണ് മറ്റു പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ചെന്നൈയില്‍ നിന്നും 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്നാണ് സബിന്‍ മൊഴി നല്‍കിയിരിക്കുന്നത്.
തുടർന്ന് മറ്റു പ്രതികളുമായി ചേർന്ന് ഇത് പണമാക്കി മാറ്റാൻ ശ്രമം നടത്തി വരികയായിരുന്നു. മുമ്പും പ്രതികൾ സമാനമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബസിലെ കോയിലിന് വലിയ വില ലഭിക്കുമെന്ന് അറിവ് ലഭിച്ച സബിന്‍ ഇതിനായിട്ടാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു ഫിലിപ്പുമായി അടുപ്പത്തിലാകുന്നത്.
ഇവര്‍ തമ്മില്‍ ഇത്തരത്തില്‍ ഇടപാട് നടന്നിട്ടുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനിടെയാണ് സബിന്‍ രാജേഷ് മുഖേന തമിഴ്‌നാട് സ്വദേശിയായ കള്ളനോട്ട് ഇടപാടുകാരനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവര്‍ സംഘം കള്ളനോട്ട് ഇടപാട് നടത്തുകയായിരുന്നു. സബിന്‍ നല്‍കിയ കള്ളനോട്ടുകള്‍ സിജു കോട്ടയം കോടിമതയിലെ പെട്രോള്‍ പമ്പില്‍ മാറിയതായി കണ്ടെത്തിയിട്ടുണ്ട്.
കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായും വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ വി. വിനോദ് കുമാര്‍, എ.എസ്.ഐ റെജി, സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഇന്നലെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: