
അബുദാബി: മുലപ്പാലിൽ നിന്ന് കോവിഡ് പടരില്ലെന്ന് ആരോഗ്യ വിദഗ്ദർ. അബുദാബിയിൽ മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ചാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച അമ്മമാർക്കും ധൈര്യപൂർവം കുട്ടിക്ക് പാലു കൊടുക്കാനാകുമെന്നും ഡോക്‌ടർമാർ പറഞ്ഞു.
മുലപ്പാൽ കൊടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർധിച്ച് മറ്റു രോഗങ്ങളിൽനിന്നു കുട്ടിയെ രക്ഷിക്കാമെന്ന് അബുദാബി കോർണിഷ് ആശുപത്രിയിലെ ഒബ്സ്റ്റെട്രിക്‌സ് ആൻഡ് ഫാറ്റൽ മെഡിസിൻ കൺസൾട്ടന്‍റ് ഡോ. സൗദാബി വളപ്പിൽ പറഞ്ഞു.
കോവിഡ് ബാധിച്ച അമ്മമാർ മുലയൂട്ടുമ്പോൾ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കണം. കുട്ടിയെ തൊടുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പാല് കൊടുക്കുന്നതിന് മുൻപ് മുലക്കണ്ണ് വൃത്തിയാക്കണം.
മുലയൂട്ടുമ്പോൾ മാസ്ക് ധരിക്കുക. കുട്ടിയെ അമ്മയിൽ നിന്നും രണ്ട് മീറ്റർ അകലത്തിൽ കിടത്തുക. മറ്റു സ്ത്രീകളെ അപേക്ഷിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് അർബുദ സാധ്യത 4.3ശതമാനം കുറയും. അണ്ഡാശയ ക്യാൻസറും പ്രമേഹ സാധ്യതയും കുറയ്ക്കുമെന്നു ഡോക്ടർമാർ പറഞ്ഞു.
Post A Comment: