കോവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടവരാണ് ഗർഭിണികൾ. ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് ഗർഭിണികളിൽ കോവിഡ് വൈറസ് ബാധിക്കാൻ സാധ്യത ഏറെയാണ്. ഇതിനാൽ തന്നെ ഗർഭിണികൾ കോവിഡ് കാലയളവിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു.
കോവിഡിനെ ഭയന്ന് നിരവധി ഗർഭിണികൾ പ്രസവ തീയതിയ്ക്ക് മുൻപു തന്നെ സിസേറിയൻ നടത്താമോ എന്ന ആവശ്യവുമായി സമീപിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞുങ്ങൾക്ക് കൊവിഡ് ബാധിക്കുമോ എന്ന ഭയമാണ് പലരും പ്രകടിപ്പിക്കുന്നത്. പ്രസവാനന്തരം നവജാത ശിശുക്കളെ പരിപാലിക്കൽ കുറച്ചു കൂടി എളുപ്പമാവും എന്ന് അവർ കരുതുന്നു.
പ്രസവാനന്തരം അമ്മയേയും കുഞ്ഞിനെയും എത്രയും പെട്ടെന്ന് ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലേക്ക് അയക്കാനാണ് ആശുപത്രികളും ശ്രമിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും രോഗ വ്യാപനം ഉണ്ടാവാതിരിക്കാനായി പലപ്പോഴും പ്രസവം കഴിഞ്ഞ് 24 മണിക്കൂറിനകം ഇരുവരെയും വീട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മുമ്പ് രണ്ടോ മൂന്നോ ദിവസം അമ്മയേയും കുഞ്ഞിനെയും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വയ്ക്കുമായിരുന്നു.
എടുക്കേണ്ട മുൻകരുതലുകൾ:
- സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക.
- ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
- സാമൂഹിക അകലം പാലിക്കുക.
- മതിയായ വിശ്രമവും സമീകൃതാഹാരവും ഉറപ്പുവരുത്തുക.
- ഗർഭസ്ഥ ശിശുവിന്‍റെ ചലനം കൃത്യമായി നിരീക്ഷിക്കുകയും നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഓൺലൈൻ ചെക്കപ്പുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായി ബോധവാന്മാരായിരിക്കുക.
- പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ വിദക്ത്യോപദേശം തേടുക.
- കോവിഡ് പോസിറ്റീവായ വ്യക്തിയുമായി ഇടപഴകാനുള്ള സാഹചര്യം വന്നിട്ടുണ്ടെങ്കിൽ കൃത്യമായി താപനില നിരീക്ഷിക്കുകയും ശ്വസനപ്രക്രിയയിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ എന്ന സൂക്ഷമായി നിരീക്ഷിക്കുകയും ചെയ്യുക.
പ്രതിരോധശേഷി വർധിപ്പിക്കാൻ:
മനുഷ്യരിൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വിറ്റാമിൻ സിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഭക്ഷണത്തിൽ നിന്നു തന്നെ ആവശ്യമുള്ള വിറ്റാമിൻ സി ശരീരത്തിന് ആഗിരണം ചെയ്യാനാവും. അതിനാൽ വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. പഴങ്ങൾ, ബ്രൊക്കോളി, സ്ട്രോബറി എന്നിവയെല്ലാം വിറ്റാമിൻ സിയാൽ സമ്പുഷ്‌ടമാണ്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ തൈര് ഗർഭകാലത്ത് ഏറെ ആരോഗ്യ ഗുണങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. ജീരകം, മല്ലി, ചതച്ച കുരുമുളകും മഞ്ഞൾ പൊടിയും ഇഞ്ചി കഷ്ണങ്ങളും ചേർത്ത് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം കുടിക്കുന്നതും നല്ലതാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Post A Comment: