ഇടുക്കി: തൂണ് പണിതിട്ടും പാലം പണിയാത്ത നടപടിയിൽ പ്രതിഷേധിച്ച് വാഗമണ്ണിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. നാരകക്കുഴി പുത്തൻപുരയ്ക്കൽ ജോൺസനാണ് ഞായറാഴ്ച്ച പണി പാതിയാക്കി തൂണിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നാരകക്കുഴിയിലേക്കുള്ള പാലം പണിയാൻ അധികൃതർ രണ്ട് തൂണുകൾ പണിതെങ്കിലും പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയിരുന്നു. ഇതോടെ മഴക്കാലമാകുമ്പോൾ നാരകക്കുഴി പ്രദേശം ഒറ്റപ്പെടുന്നതാണ് പതിവ്. ഇതിനെ തുടർന്നാണ് യുവാവ് പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് തൂണിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കലക്റ്റർ എത്തി വാക്ക് നൽകാതെ ഇറങ്ങില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നോടെയാണ് യുവാവ് പാലത്തിന്‍റെ തൂണിൽ കയറിയത്. തുടർന്ന് വൈകിട്ട് നാലോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നൗഷാദ് സ്ഥലത്തെത്തി പാലം പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യുവാവ് താഴെയിറങ്ങിയത്.
Post A Comment: