കായംകുളം: മാരക ലഹരിമരുന്നുമായി യുവ ദമ്പതികൾ പിടിയിൽ. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് (24), കൊറ്റുകുളങ്ങര തൈപ്പറമ്പിൽ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്. ബസിൽ സംസ്ഥാനത്തേക്ക് ലഹരി കടത്താൻ ശ്രമിക്കവെ ആയിരുന്നു അറസ്റ്റ്. നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്.
ഇവരിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു വിഭാഗത്തിൽപെടുന്ന എം.ഡി.എം.എ കണ്ടെത്തി. വിപണിയിൽ 3.5 ലക്ഷം വില വരുന്ന 70 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. മുംബൈ, ഗോവ, എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലായിരിക്കെ ആര്യയുമായി പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയും ചെയ്‌തു. വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവര്‍ രജിസ്റ്റർ വിവാഹം ചെയ്തു.
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും, ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്. സബ് ഇൻസ്പെക്ടര്‍മാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: