ഇടുക്കി: മകളൊടൊപ്പം കഴിഞ്ഞിരുന്ന കിടപ്പ് രോഗിയായ വയോധികയുടെ മൃതദേഹം ഉറുമ്പരിച്ച് കിടന്നത് രണ്ട് ദിവസം. ഇടുക്കി പച്ചടിയിലാണ് സംഭവം നടന്നത്. അമ്മ മരിച്ചതറിയാതെ മനോരോഗിയായ മകൾ രണ്ട് ദിവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞു. പച്ചടി എസ്.എൻ. എൽ.പി. സ്‌കൂളിനു സമീപം താമസിക്കുന്ന കാലാസദനം ശശിധരന്‍റെ ഭാര്യ അമ്മിണി (70)യാണ് മരിച്ചത്.
രോഗത്തെ തുടർന്ന് ഒരു കാൽ മുറിച്ചതോടെ ഇവർ കിടപ്പിലായിരുന്നു. ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചു. മാനസീകാസ്വാസ്ഥ്യമുള്ള മകൾക്കൊപ്പമാണ് വയോധിക കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്‍റെയും ആശ പ്രവർത്തകരുടെയും പരിചരണത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ സമീപവാസികളാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. മരണം സംഭവിച്ചിട്ട് രണ്ട് ദിവസത്തോളമായിരുന്നെന്നാണ് നിഗമനം. മകൾ അമ്മ മരിച്ചതറിയാതെ രണ്ട് ദിവസമായി മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞുകൂടിയിരുന്നത്.
വിവരമറിഞ്ഞ് പാലിയേറ്റീവ് കെയറിലെ ആരോഗ്യ പ്രവർത്തർ, ആശ പ്രവർത്തകർ, വാർഡ് മെംബർ, നെടുങ്കണ്ടം പൊലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. മറ്റ് ബന്ധുക്കളാരും എത്താനില്ലാത്തതിനാൽ രാത്രി 12-ഓടെ സംസ്‌കാരം നടത്തി. എന്നാൽ പോസ്റ്റ്മാർട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്. മൃതദേഹത്തിന്‍റെ മൂക്കിൽ നിന്നും രക്തം വാർന്നിട്ടുണ്ട്. എന്നാണ് മരണം സംഭവിച്ചതെന്നതിലും വ്യക്തതയില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ എൽഡിഎഫ് 2, ബിജെപി 1
ഇടുക്കി: ജില്ലയിലെ മൂന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ട് നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ പാർവ്വതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യാ ഗണേശൻ 17 വോട്ടും നേടി.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിൻസി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോൾ.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്‌തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ 78 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്ക് ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്.
Post A Comment: