തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ നടൻ നെടുമുടി വേണു (73) ഓർമയായി. അൽപം മുമ്പായിരുന്നു മരണം. രണ്ട് മാസമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നായകനായും വില്ലനായും സ്വഭാവ നടനായും മറ്റും തിരശീലയിൽ നിറഞ്ഞു നിന്ന നടനാണ് നെടുമുടി വേണു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലചിത്ര പുരസ്കാരം ആറ് വട്ടവും ലഭിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ടി.ആർ. സുശീലയാണ് ഭാര്യ. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻഗോപാൽ.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ. കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി. അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്‍റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്.
പിന്നാലെ വന്ന ഭരതന്‍റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്‍റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ; വിധി മറ്റന്നാൾ
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. സൂരജിന്‍റെ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി പറഞ്ഞു. സൂരജിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സൂരജിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോൾ നിസംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ അതു കേട്ട് നിന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി കുറ്റപത്രത്തിൽ പറഞ്ഞ കൃത്യങ്ങളും വകുപ്പുകളും കോടതിയിൽ വായിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിൻ്റെ മറുപടി.
Post A Comment: