തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ ഇടതുപക്ഷത്തിനു വീണ്ടും തിരിച്ചടി. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ മന്ത്രി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടേണ്ടിവരും. പ്രതികൾ നവംബർ 22 നു ഹാജരാവണം എന്ന് കോടതി ഉത്തരവിട്ടു. അന്ന് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. തുടർന്ന് വിചാരണ നടപടികളിലേക്ക് കടക്കും.
കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ്വ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു. കേസ് വീണ്ടും സിജെഎം കോടതിയിലെത്തിയതോടെ ആണ് മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികൾ വിടുതൽ ഹർജി നൽകിയത്. ഇതിനെതിരെ അഭിഭാഷക പരിഷത്ത് നൽകിയ തടസ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ കക്ഷിചേരാൻ രമേശ് ചെന്നിത്തല നൽകിയ ഹർജിയും കോടതി അനുവദിച്ചിരുന്നില്ല. മന്ത്രി അടക്കമുള്ളവരാണ് പ്രതികളെന്നും അതിനാൽ നീതിപൂർവമായ വിചാരണയ്ക്കായി സ്പെഷ്യൽ പ്രോസിക്യുട്ടറേ നിയമിക്കണം എന്നും ആണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
വി ശിവൻകുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എം.എൽ.എ മാരായിരുന്ന കെ. അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. 2015 മാർച്ച് 13 നു കെ.എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതു പക്ഷ എം എൽ എ മാർ നിയമ സഭയിൽ നടത്തിയ പ്രതിഷേധമാണ് കേസിനു ആസ്‌പദമായത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: