കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതി സൂരജിന് ജീവപര്യന്തം ശിക്ഷ. നാല് കുറ്റങ്ങളിലും പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. തടവ് ശിക്ഷക്കൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും നൽകണം.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.
അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഏറ്റവുമൊടുവിലും കോടതിയിൽ വാദിച്ചത്.
അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
സ്വത്ത് സ്വന്തമാക്കാൻ വേണ്ടി മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസാണ്. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും പരിശോധിച്ച ശേഷമാണ് ജഡ്ജി എം മനോജ്,സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ വലിയ സവിശേഷത.
ഉത്ര കേസ്- നാൾ വഴി
കേരളം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു ഉത്രക്കേസ്. 2020 മെയ് ഏഴിന് അഞ്ചല്‍ ഏറത്താണ് സംഭവം നടന്നത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്റെ കടിയേറ്റ് മരിക്കുകയായിരുന്നു.
ഏറം സ്വദേശികളായ വിജയസേനന്റെയും മണിമേഖലയുടെയും ഇരുപത്തിമൂന്നുകാരിയായ മകള്‍ ഉത്രയാണ് മരിച്ചത്. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്ന ഭര്‍ത്താവ് സൂരജിന്റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല.
എന്നാൽ ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതോടെ പാമ്പു കടിച്ചുവെന്ന സൂരജിന്റെ കഥയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുള്ള സൂരജിന്റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.
അഞ്ചല്‍ പൊലീസിനെയാണ് ഉത്രയുടെ കുടുംബം ആദ്യം സമീപിച്ചത്. പക്ഷേ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകന് എന്ന പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു.
ഇതോടെ ഉത്രയുടെ കുടുംബത്തിന്റെ സംശയം ശരിവച്ചു കൊണ്ട് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലും അറസ്റ്റും നടക്കുകയായിരുന്നു. പാമ്പുപിടുത്തക്കാരനില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. സൂരജും, സഹായിയായ പാമ്പു പിടുത്തക്കാരന് കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലാകുകയായിരുന്നു.
2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. എന്നാൽ അന്ന് ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.
മരിക്കുന്നതിന്റെ തലേന്ന് രാത്രിയോടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി സൂരജ് നല്കി. ശേഷം മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറില്‍ നിന്ന് എടുത്ത് കട്ടിലിന് അടിയിലേക്ക് മാറ്റി. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷമാണ് ഉത്രയെ കൊല്ലാനുളള നീക്കങ്ങള്‍ സൂരജ് തുടങ്ങിയത്. കട്ടിലിനടയിലെ ബാഗില്‍ ഒരു പ്ലാസ്റ്റിക് ഭരണയിലാണ് മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കുടഞ്ഞിട്ടു.
പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. ഇതോടെ പാമ്പിന്റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയില്‍ താന്‍ കടിപ്പിക്കുകയായിരുന്നെന്ന് സൂരജ് വിശദീകരിച്ചു. അതിനു ശേഷം പാമ്പിനെ മുറിയിലെ അലമാരയ്ക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന പേടിയില്‍ ഇരുകാലുകളും കട്ടിലില്‍ എടുത്തു വച്ച് രാത്രി മുഴുവന്‍ താന്‍ ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.
Post A Comment: