ഇടുക്കി/വയനാട്: ബഫർ സോൺ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. പൊതു- സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ പ്രധാന നഗരങ്ങൾ അടക്കം വിജനമായി. ചിലയിടത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രധാന പ്രദേശങ്ങളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, ഏലപ്പാറ, കുമളി മേഖലകളിൽ ഹർത്താൽ പൂർണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്.
വയനാട്ടിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് ബസുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി.
മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് ആറ് വരെ ഹർത്താൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: